പി കെ രാഗേഷ് പത്രിക നല്‍കി; കണ്ണൂരില്‍ കോണ്‍ഗ്രസിന് നാലിടത്ത് വിമതശല്യം
കണ്ണൂര്‍: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം കണ്ണൂരില്‍ നാലിടത്ത് കോണ്‍ഗ്രസിന് വിമതശല്യം. അഴീക്കോട്, കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളിലാണ് വിമതന്മാര്‍ പത്രിക നല്‍കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് അഴീക്കോട് മണ്ഡലത്തിലെ പി കെ രാഗേഷിന്റെ പത്രികാസമര്‍പ്പണമാണ്.
കണ്ണൂരില്‍ നൗഷാദ്, അഴീക്കോട് പി.കെ രാഗേഷ്, ഇരിക്കൂറില്‍ അഡ്വ: ബിനോയ്, പേരാവൂരില്‍ കെ.ജെ ജോസഫ് എന്നിവരാണ് പത്രിക നല്‍കിയിരിക്കുന്നത്. നാലിടത്തും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലാണ് വിമതശല്യം. വിമതര്‍ പത്രിക പിന്‍വലിക്കാതെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണെങ്കില്‍ അതത് മണ്ഡലങ്ങളില്‍ ജയിച്ചുകയറുക കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും.

കര്‍ഷക കോണ്‍ഗ്രസിന്റെ ഭാരവാഹികളാണ് മലയോര മേഖലയായ ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ വിമതന്മാരായി എത്തിയിരിക്കുന്നത്. കുടിയേറ്റ ജനത ഏറെയുള്ള മണ്ഡലത്തില്‍ ഇവരുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് കനത്ത ഭീഷണിയായിരിക്കും. ഇരിക്കൂറില്‍ മന്ത്രി കെ സി ജോസഫിനെതിരെ കോണ്‍ഗ്രസിനകത്ത് വലിയ തോതിലുള്ള എതിര്‍പ്പാണ് ഉയര്‍ന്നുവരുന്നത്.
കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട പി കെ രാഗേഷ് അഴീക്കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. കഴിഞ്ഞതവണ 500 താഴെ വോട്ടുകള്‍ക്കാണ് ഷാജി മണ്ഡലത്തില്‍ വിജയിച്ചത്. രാഗേഷ് 5000ല്‍ അധികം വോട്ടുകള്‍ നേടിയാല്‍ ഷാജിയുടെ വിജയത്തെ അത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications