കണ്ണൂരുകാരുടെ 'പറക്കല്‍' വൈകും!! വിമാനത്താവളം ഈ വര്‍ഷമില്ല!!...കാരണം ഇതാണ്
2018 പകുതിയോടെ മാത്രമേ വിമാനത്താവളം തുറക്കൂവെന്നാണ് സൂചന
കണ്ണൂര്‍: മലബാറുകാരുടെ ദീർഘകാല സ്വപ്‌നമായ കണ്ണൂർ വിമാനത്താവളത്തിന്റെ നിര്‍മാണം വൈകും. ഈ വര്‍ഷം കണ്ണൂരില്‍ നിന്നു വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞെന്ന് മാതൃഭുമി റിപ്പോര്‍ട്ടില്‍ പറയുന്നു. സപ്തംബറില്‍ വിമാനത്താവളം തുറക്കുമെന്നാണ് മുന്‍ കിയാല്‍ എംഡി എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചിരുന്നത്. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ വിമാന സര്‍വീസ് തുടങ്ങുമെന്ന് ഏവിയേഷന്‍ സെക്രട്ടറിയും പറഞ്ഞിരുന്നു. എന്നാല്‍ ഇതുണ്ടാവില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

നിര്‍മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം ലൈസന്‍സ് എടുക്കാന്‍ സാധിക്കില്ല. ശക്തമായി പെയ്യുന്ന മഴ വിമാനത്താവളത്തിന്റെ നിര്‍മാണത്തെ ബാധിച്ചിട്ടുണ്ട്. മഴ പൂര്‍ണമായി മാറി നിന്നെങ്കില്‍ മാത്രമേ റണ്‍വേ സുരക്ഷിത മേഖലയിലെ ജോലി നടത്താന്‍ സാധിക്കുകയുള്ളൂ. കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഇപ്പോള്‍ തടസ്സമൊന്നുമില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രമേ റണ്‍വേ സുരക്ഷിത മേഖലയിലെ പണി നടത്താന്‍ കഴിയുയുള്ളൂ. മാത്രമല്ല സാങ്കേതിക വിഭാഗം ജോലി പൂര്‍ത്തിയാക്കണമെങ്കില്‍ വൈദ്യുതി ലഭിക്കണം. വൈദ്യുതിക്കായുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തി അനുമതി പത്രം നല്‍കിയാല്‍ മാത്രമേ വൈദ്യുതി കണക്ഷന്‍ ലഭിക്കൂയെന്നതാണ് മറ്റൊരു കാര്യം. ഓഗസ്റ്റിലായിരിക്കും ഈ പരിശോധനയെന്നാണ് സൂചന. ഇപ്പോഴത്തെ നിലയിലാണ് നിര്‍മാണം പുരോഗമിക്കുന്നതെങ്കില്‍ 2018 പകുതിയോടെ മാത്രമേ കണ്ണൂര്‍ വിമാനത്താവളം ഔദ്യോഗികമായി തുറന്നു കൊടുക്കുകയുള്ളൂവെന്ന് ഉറപ്പാണ്.












Click it and Unblock the Notifications