കണ്ണൂരില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം, ഒരു മരണം; ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ കീഴറയില്‍ വീട്ടിനുള്ളില്‍ വന്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അപകടത്തില്‍ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കണ്ണപുരം കീഴറയിലെ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ ആണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
രണ്ട് പേരാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അനൂപ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. അനൂപിനു പടക്ക കച്ചവടം ഉണ്ടെന്ന് പറയപ്പെടുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തി.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. അടുത്ത വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് എത്തി പരിശോധന ആരംഭിച്ചു. കണ്ണപുരം പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി രണ്ട് മണിയോടെയാണ് സ്‌ഫോടന ശബ്ദം കേട്ടത് എന്നാണ് അയല്‍വാസികള്‍ പറയുന്നത്.












Click it and Unblock the Notifications