Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന് പുറമെ മറ്റൊരു വൈദികനും പങ്ക്, കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാവും

ഫാദര്‍ റോബിന്‍ കുട്ടി പ്രസവിച്ച ശേഷം രാജ്യം വിടാന്‍ ശ്രമം നടത്തിയിരുന്നു. അതിന് വേണ്ട ഒത്താശ ചെയ്തു കൊടുത്തത് മറ്റൊരു വൈദികനാണെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി പ്രസവിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍. ഒന്നാം പ്രതി ഫാദര്‍ റോബിന് പുറമെ മറ്റൊരു വൈദികനും സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഇയാളെ ഉടന്‍ പ്രതി ചേര്‍ത്തേക്കും.

ഫാദര്‍ റോബിന്‍ കുട്ടി പ്രസവിച്ച ശേഷം രാജ്യം വിടാന്‍ ശ്രമം നടത്തിയിരുന്നു. അതിന് വേണ്ട ഒത്താശ ചെയ്തു കൊടുത്തത് മറ്റൊരു വൈദികനാണെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യമെന്നാണ് പോലിസ് പറയുന്നത്. കാനഡയിലേക്ക് പുറപ്പെടാന്‍ ശ്രമിക്കവെ അങ്കമാലിയില്‍ നിന്നാണ് ഫാദറിനെ പേരാവൂര്‍ സിഐ പിടികൂടിയത്.

 ഫാദര്‍ റോബിനെ വൈദികന്‍ സഹായിച്ചു

ഫാദര്‍ റോബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇയാള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മറ്റൊരു വൈദികന്‍ ചെയ്തുകൊടുക്കുകയായിരുന്നു. ഒരു കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിക്കാനും രാജ്യം വിടാനും വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും തെറ്റാണ്.

വൈദികനെ അറസ്റ്റ് ചെയ്‌തേക്കും

നിലവില്‍ കേസില്‍ എട്ട് പ്രതികളാണുള്ളത്. ഫാദര്‍ റോബിനെ സഹായിച്ചത് വൈദികന്‍ ബോധപൂര്‍വമാണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചാല്‍ ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യും.

അറസ്റ്റ് ഭയന്ന് ഒളിവില്‍

അതേസമയം, കേസില്‍ അറസ്റ്റ് ഭയന്ന് മറ്റു പ്രതികള്‍ ഒളിവില്‍ പോയിട്ടുണ്ട്. വയനാട് ശിശുക്ഷേമ സമിതി അംഗങ്ങളെയും പ്രതി ചേര്‍ക്കുമെന്നാണ് പോലിസ് പറയുന്നത്. ഈ സാഹചര്യത്തില്‍ സമിതി ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകവും സമിതി അംഗം സിസ്റ്റര്‍ ബേറ്റിയും ഒളിവില്‍ പോയെന്നാണ് വിവരം.

വയനാട് ശിശുക്ഷേമ സമിതിയില്‍ അഴിച്ചുപണി

തോമസ് തേരകത്തെയും സിസ്റ്റര്‍ ബേറ്റിയെയും ശിശുക്ഷേമ സിതിയില്‍ നിന്നു പുറത്താക്കുമെന്ന് മന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരെയും സമിതിയില്‍ നിന്നു പുറത്താക്കിയുള്ള ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും.

കേസിലെ പ്രതികള്‍ ഇവരൊക്കെ

ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് പുറമെ അഞ്ച് കന്യാസ്ത്രീകള്‍ പ്രതികളാണ്. ഡോക്ടര്‍മരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ എന്നിവരെ കൂടാതെ ഡോ.ഹൈദരാലി, മാതൃദേവി അംഗവും ഫാദര്‍ റോബിന്റെ സഹായിയുമായ തങ്കമ്മ എന്നിവരാണ് പ്രതികള്‍.

പോക്‌സോ കേസില്‍ ജാമ്യമില്ല

പ്രതികള്‍ക്കെതിരേ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം (പോക്‌സോ) പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണ് കേസ്. ഫാദര്‍ റോബിനെതിരേ ബലാല്‍സംഗത്തിനും കേസെടുത്തിട്ടുണ്ട്. ഫാദര്‍ കുറ്റം സമ്മതിച്ചതായി പേരാവൂര്‍ പോലിസ് നേരത്തെ പറഞ്ഞിരുന്നു.

 ഗൂഢാലോച നടന്നെന്ന് വ്യക്തം

പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഫാദര്‍ റോബിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന് പോലിസിന് ബോധ്യമായിട്ടുണ്ട്. ക്രമവിരുദ്ധമായാണ് പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ വയനാട് ശിശു ക്ഷേമ സമിതി ദത്തെടുത്തത്. പെണ്‍ക്കുട്ടിയുടെ പ്രായം തിരുത്തുകയും കുഞ്ഞിനെ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുമ്പില്‍ ഹാജരാക്കാതിരിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പ്രായം 18 ആക്കി

പെണ്‍കുട്ടിയുടെ എസ്എസ്എല്‍സി ബുക്കില്‍ പ്രായം തിരുത്തിയെന്നും വ്യാജരേഖയിലാണ് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം ഒപ്പുവച്ചതെന്നും പോലിസ് കണ്ടെത്തിയിരുന്നു. രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിന് പകരം 18 എന്നാണ് രേഖപ്പെടുത്തിയത്.

ഫാദര്‍ സമ്പാദിച്ചത് കോടികള്‍

ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് വൈദികരുടെ ആദരണീയ വേഷം ഒരു മറയായിരുന്നുവെന്ന് പോലിസിന് വ്യക്തമായിട്ടുണ്ട്. വൈദിക വൃത്തിക്ക് മറവില്‍ ഇയാള്‍ സമ്പാദിച്ചത് കോടികളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വൈദികരുടെ വേഷം ധരിച്ച് നല്ലപിള്ള ചമഞ്ഞിരുന്ന പ്രതി നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. ഇത്തരം വിദേശ കടത്തെല്ലാം മറ്റൊരു ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

സഭാ പത്രത്തിന്റെ എംഡി ആയിരിക്കെ

ഫാദര്‍ റോബിന് സഭയുടെ നേതൃത്വത്തിലുള്ള പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരിക്കെയാണ് കോടികളുണ്ടാക്കിയതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പത്രത്തിന്റെ എംഡി സ്ഥാനത്ത് വടക്കുംചേരിയിരിക്കുമ്പോള്‍ പത്രം ഒരു വിവാദ വ്യവസായിയുടെ കൈകളിലായിരുന്നു. ഇയാളില്‍ നിന്ന് പത്രസ്ഥാപനം തിരികെ സഭയുടെ കൈകളിലെത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഫാദര്‍ റോബിനാണ്. വ്യവസായിക്കും സഭക്കുമിടയില്‍ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഫാദര്‍ റോബിനാണ് തുക പറഞ്ഞുറപ്പിച്ചതെന്നാണ് പോലിസ് പറയുന്നത്.

സഭയിലെ പല പ്രമുഖര്‍ക്കും അറിയാം

ഫാദര്‍ റോബിന്‍ വന്‍തോതില്‍ പണം കൈക്കലാക്കിയെന്ന് സഭയിലെ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നുവത്രെ. എന്നാല്‍ സ്ഥാപനം സ്വകാര്യവ്യക്തിയില്‍ നിന്നു തിരികെ കിട്ടാന്‍ സഹായിച്ചുവെന്ന ഇളവ് നല്‍കി സഭാ നേതൃത്വം മൗനം പാലിക്കുകയായിരുന്നുവെന്നാണ് വിവരം. നഴ്സിങ് ജോലിക്ക് കാനഡയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് സ്ത്രീകള്‍ അടക്കമുള്ളവരെ ഫാദര്‍ റോബിന്‍ കയറ്റി അയച്ചിരുന്നു. ഇത്തരത്തിലും ഇയാള്‍ വന്‍തുക കൈപറ്റിയിരുന്നുവെന്നാണ് വിവരം. ഇത്തരത്തില്‍ വിദേശത്തേക്ക് പോയവരെ പ്രതി ആ രാജ്യങ്ങളിലെത്തി സന്ദര്‍ശിക്കാറുണ്ടായിരുന്നോ എന്നും പോലിസ് അന്വേഷിച്ചുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+