ആർഎസ്എസിന്റെ വിജയദശമി പരിപാടി നടക്കുന്ന സ്ഥലത്ത് നാടൻ ബോംബ്! സംഭവം കണ്ണൂരിൽ
ശനിയാഴ്ച രാവിലെ സ്റ്റേഡിയം വൃത്തിയാക്കാനെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് നാടൻ ബോംബ് കണ്ടെത്തിയത്.
കണ്ണൂർ: ആർഎസ്എസിന്റെ വിജയദശമി പരിപാടി നടക്കാനിരിക്കുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി. ആർഎസ്എസ് തലശേരി ഖണ്ഡ് വിജയദശമി പരിപാടി നടക്കാനിരിക്കുന്ന പാലയാട് ധർമ്മടം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നിന്നാണ് നാടൻ ബോംബ് കണ്ടെത്തിയത്.
സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ സ്റ്റേഡിയം വൃത്തിയാക്കാനെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് നാടൻ ബോംബ് കണ്ടെത്തിയത്. ബോംബ് ശ്രദ്ധയിൽപ്പെട്ട പ്രവർത്തകർ ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ധർമ്മമടം പോലീസ് നാടൻ ബോബ് പിടിച്ചെടുത്തു. വിജയദശമി പരിപാടി നടക്കാനിരിക്കുന്ന പാലയാട് ധർമ്മടം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ കൂടുതൽ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബോംബ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് പരിപാടി നടക്കുന്ന സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിജയദശമി പ്രമാണിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസ് നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ രീതിയിൽ വിദ്യാരംഭ ചടങ്ങുകളും നടക്കുന്നുണ്ട്.












Click it and Unblock the Notifications