കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദം; 9 ചോദ്യങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്

കണ്ണൂർ ജില്ലയിൽ കിഫ്ബി മുഖേന നടന്ന ഭൂമി ഏറ്റെടുക്കലുകളിലുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ മറുപടിയുമായി സിപിഎം നേതാവ് തോമസ് ഐസക്. ഫേസ്ബുക്കിലൂടെ സുധാ പിള്ള കമ്മിറ്റിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി അദ്ദേഹം നൽകിയത്. കണ്ണൂർ ഭൂമി ഏറ്റെടുക്കുന്നതിന് ചട്ടപ്രകാരമുള്ള തീരുമാനം ഉണ്ടെന്നുൾപ്പെടെ വിശദീകരിച്ചുകൊണ്ടാണ് കുറിപ്പ്. വായിക്കാം

'കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് ഇപ്പോൾ നിൽക്കുന്ന കിഫ്‌ബി വിവാദം. തുടക്കംകുറിച്ചിട്ടുള്ളത് സുധാപിള്ള കമ്മിറ്റി തന്നെ. ഇപ്പോഴത് അഴിമതി ആരോപണത്തിലേക്കും, അന്വേഷണ മുദ്രാവാക്യത്തിലേക്കും എത്തിനിൽക്കുകയാണ്. സുധാപിള്ള കമ്മിറ്റിയുടെ ചോദ്യങ്ങൾ ഓരോന്നായി എടുക്കാം.

hom3-25

ചോദ്യം 1 : കിഫ്‌ബി എന്തിന് ഭൂമി ഏറ്റെടുക്കണം? അത് കിഫ്ബിയുടെ ഉത്തരവാദിത്വങ്ങളിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ലല്ലോ?

ഉത്തരം : ഭൂമി ഇല്ലാതെ ഇൻഫ്രാസ്ട്രക്ച്ചർ പണിയുവാൻ കഴിയുമോ? ഭൂമി ഇല്ലാത്തതുകൊണ്ടല്ലേ കേരളത്തിലെ ദേശീയ പാതയുടെ വികസനം യുഡിഎഫ് ഭരണകാലത്ത് വഴിമുട്ടി നിന്നത്? കിഫ്‌ബി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഏജൻസിയല്ല. അതിനുള്ള പണം അതിനുള്ള ഏജൻസികൾക്ക് ലഭ്യമാക്കും. ഇത് ചെയ്യാതെ ഒരു ഇൻഫ്രാസ്ട്രക്ചർ നിർമ്മാണവും നടക്കില്ല.

ചോദ്യം 2 : "കൊച്ചി ഇപ്പോൾ തന്നെ വ്യവസായ വാണിജ്യ കേന്ദ്രമായി വളർന്നിട്ടുണ്ട്. വിഴിഞ്ഞം പോർട്ടിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം മറ്റൊരു വികസന മേഖലയായി കഴിഞ്ഞു. ഇവിടെ ആവശ്യമായ പിന്തുണയും ഇൻഫ്രാസ്ട്രക്ച്ചറും ഉറപ്പുവരുത്തേണ്ടതുണ്ട്." ഈ ഒരു സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ അയ്യായിരം ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിൽ എന്തെങ്കിലും സാംഗത്യം ഉണ്ടോ?

ഉത്തരം : സുധപിള്ള കമ്മിറ്റിയുടേതാണ് ഈ ചോദ്യം. സംശയമുള്ളവർക്ക് റിപ്പോർട്ടിന്റെ 61 ആം പേജിലെ അവസാന പാരഗ്രാഫ് വായിക്കാം. ഇതിനെയാണ് അൽപത്തം എന്ന് പറയുന്നത്. ഉത്തരമലബാറിന്റെ ചരിത്രപരമായ പിന്നോക്കാവസ്ഥ കമ്മിറ്റിക്ക് ഒരു പ്രശ്നമല്ല. സിയാൽ മാതൃകയിൽ വലിയ ഒരു വികസന മേഖല കണ്ണൂർ ജില്ലയിൽ വളർത്തുവാനുള്ള സാധ്യത ഈ പേന ഉന്തുകാർക്ക് മനസിലാക്കുവാൻ ആകുന്നില്ല.

ചോദ്യം 3 : കണ്ണൂർ ഭൂമി ഏറ്റെടുക്കുന്നതിന് ചട്ടപ്രകാരമുള്ള തീരുമാനം ഉണ്ടോ?
ഉത്തരം : ഉണ്ട്, 2016-17 ലെ ബഡ്ജറ്റിൽ ഭൂമി ഏറ്റെടുക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരുന്ന അഞ്ച് ഇൻഡസ്ട്രിയൽ സോണുകളിൽ കണ്ണൂരിൽ നിന്നുള്ള 1000 ഏക്കറും ഉൾപ്പെടുന്നതാണ്. എന്നാൽ ബോർഡിൽ ഈ നിർദ്ദേശം ചർച്ച ചെയ്തപ്പോൾ കണ്ണൂർ എയർപോർട്ടും അഴീക്കൽ തുറമുഖവുമായി ബന്ധപ്പെട്ട് വിപുലമായ വ്യവസായ പാർക്കുകളും മറ്റ് അനുബന്ധ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാനായാൽ വലിയ വ്യവസായ കുതിപ്പ് ഉത്തര മലബാറിൽ നേടാനാവും എന്ന കൺസപ്റ്റ് നോട്ട് അംഗീകരിച്ചു. അങ്ങിനെയാണ് അയ്യായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം നൽകിയത്. ഇത് തികച്ചും ചട്ട പ്രകാരമാണ്.

ചോദ്യം 4 : വരാൻ പോകുന്ന ഇൻഫ്രാസ്ട്രക്ച്ചർ പാർക്കുകൾക്കുള്ള ഡിപിആറും മറ്റും തയ്യാറാകാതെ അല്ലെ ഭൂമി ഏറ്റെടുക്കാൻ പോയത്? 5 വർഷമായിട്ടും 63 ഏക്കർ ഭൂമിയല്ലേ കണ്ണുരിൽ നിക്ഷേപകർ വാങ്ങിയിട്ടുള്ളു?

ഉത്തരം : നിക്ഷേപം വരുമ്പോൾ ഭൂമിക്ക് വേണ്ടി ഓടുകയല്ല ചെയ്യേണ്ടത്. ഇത്തരം സാദ്ധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് ആദ്യം തന്നെ ഭൂമി ഏറ്റെടുക്കുകയാണ് വേണ്ടത്. അത് പിന്നീടേയ്ക്ക് മാറ്റിവെച്ചാൽ റോഡ്, വൈദ്യുതി തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങുമ്പോൾ ഭൂമിവില കുത്തനെ ഉയരും. ഇപ്പോൾ മിഷൻ സമുദ്രയ്ക്ക് വേണ്ടി തീരദേശത്ത് ഭൂമി കണ്ടെത്തുന്നത് ഓരോ തുണ്ട് ഭൂമിക്കുമുള്ള ഡിപിആർ കൃത്യമായി തയ്യാറാക്കിയിട്ടാണോ?
ചോദ്യം 5 : ഇങ്ങനെ നേരത്തെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഫലമായി വലിയ പലിശ ബാധ്യത കിഫ്ബിക്ക് ഉണ്ടാവില്ലേ?

ഉത്തരം : ഇല്ല, കാലതാമസം ഉണ്ടായാൽ ബാധ്യത വായ്‌പ്പാ എടുത്ത ഏജൻസിക്കാണ്. പലിശ അവർ തരണം. പക്ഷെ ഒന്നുണ്ട് കാലതാമസം ഉണ്ടാവും തോറും ഭൂമിയുടെ വിലയും ഉയരും. പ്രത്യേകിച്ച് പാശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി കഴിയുമ്പോൾ. സുധപ്പിള്ള കമ്മിറ്റി സൃഷ്ട്ടിക്കാൻ ശ്രമിക്കുന്ന ഭീകര ഭീതികൾ ഏറെ തമാശയ്ക്ക് വകയുണ്ട്.

ചോദ്യം 6 : അയ്യായിരം ഏക്കർ കണ്ണൂരിൽ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ട് 5 വർഷംകൊണ്ട് 1000 ഏക്കറല്ലേ ഏറ്റെടുത്തുള്ളൂ?

ഉത്തരം : അതെ, ഇത് സൂചിപ്പിക്കുന്നത് ഭൂമി ഏറ്റെടുക്കൽ എത്ര ദുഷ്ക്കരമാണ് എന്നതാണ്. ആരുടെയെക്കെയോ ഭൂമി പിൻവാതിലിലൂടെ ഏറ്റെടുക്കുവാൻ ഉള്ള നീക്കമാണ് കണ്ണൂർ നടന്നത് എന്ന ദുഷ്പ്രചാരണത്തിന് ഒരു മറുപടി ആണിത്.

ചോദ്യം 7 : ഭൂമിയ്ക്ക് യഥാർഥ വിലയുടെ പലമടങ്ങ് വില ഭൂമിയ്ക്ക് കൊടുത്തു. ഇത് കിഫ്ബിക്ക് വലിയ ബാധ്യത സൃഷ്ട്ടിച്ചു.

ഉത്തരം : ഭൂമിയുടെ വില തീരുമാനിക്കുന്നത് യുപിഎ സർക്കാരിന്റെ കാലത്ത് പാസ്സാക്കിയ Right to Fair Compensation Act പ്രകാരമാണ്. ദേശീയപാതയ്ക്കായുള്ള സ്ഥലത്തിന്റെ വില തീരുമാനിച്ചതും അങ്ങിനെയാണ്. അതുപ്രകാരം ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കുന്നത്. അല്ലാതെ കിഫ്‌ബി അല്ല. ഭൂമിയുടെ അടിസ്ഥാന വിലയായ ഫെയർ വാല്യൂ തീരുമാനിച്ചതാവട്ടെ ഭൂമി ഏറ്റെടുക്കുവാനുള്ള തീരുമാനം ഉണ്ടാവുന്നതിന് എത്രയോ മുൻപാണ്. ഫെയർ വാല്യൂവിന്റെ എത്ര മടങ്ങാവാം ഭൂമിയുടെ വില എന്നത് നിർണ്ണയിക്കാൻ നിയമത്തിൽ കൃത്യമായ വ്യവസ്ഥയുണ്ട്. ബാക്കിയുള്ള ഒരിടത്തും വിവാദമല്ലാത്ത ഈ നടപടിക്രമം കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിൽ മാത്രം വിവാദമാക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം എന്താണ്?

ചോദ്യം 8 : തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്ക്, കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കും ഗ്ലോബൽ സിറ്റിയും, കോട്ടയത്തെ ന്യൂസ് പ്രിന്റ് ഫാക്ടറി ഭൂമി, കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴി, കണ്ണൂരിലെ ഇൻഡസ്ട്രിയൽ ഏരിയ, ദേശീയ പാത. എന്നിങ്ങനെ 7 പാക്കേജിലുമായി 23,189 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ കണ്ണൂരിനാണ് 12,700 കോടി രൂപ. പകുതിയിലേറെ തുക കണ്ണൂരിന് അനുവദിച്ചത് പക്ഷഭേദമല്ലേ?

ഉത്തരം : വേറെ ഏതെങ്കിലും ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഇനിയും കിഫ്ബിയിൽ നിന്ന് പണം ഏറ്റെടുക്കുന്നതിന് തടസ്സമൊന്നും ഇല്ലല്ലോ? അതുകൊണ്ട് വേറെ ആർക്കോ അവസരം നഷ്ട്ടപ്പെട്ടു എന്ന വിലാപം വേണ്ട. അനുവദിച്ച 23,189 കോടി രൂപയിൽ ചെലവാക്കിയത് 11,402 കോടിയെ ഉള്ളു. കണ്ണൂരിന് വേണ്ടി ചെലവാക്കിയത് 2489 കോടി രൂപ. മൊത്തം ചെലവാക്കിയതിന്റെ 21% മാത്രം. കണ്ണൂരിനെല്ലാം കൊടുത്തു എന്ന് മുറവിളി കൂട്ടുന്നവർക്ക് കുറച്ചെങ്കിലും സമാധാനം ആയിട്ടുണ്ടാവുമല്ലോ?

ചോദ്യം 9 : 11,402 കോടി രൂപ മുടക്കിയിട്ട് 1386 കോടിയല്ലേ കിഫ്ബിക്ക് തിരിച്ചടവായി കിട്ടിയുള്ളൂ? കണ്ണൂരിൽ 2489 കോടി മുടക്കിയിട്ട് കിട്ടിയത് 425 കോടി രൂപ മാത്രമല്ലെ?

ഉത്തരം : ഭൂമി ഏറ്റെടുക്കുന്നതിന് KSIDCക്കും, കിൻഫ്രക്കും പണം നൽകിയിരിക്കുന്നത് പലിശസഹിതമുള്ള തിരിച്ചടവ് നിബന്ധനയോടെയാണ്. ഭൂമി നിക്ഷേപകർക്ക് നൽകുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് മുതലും പലിശയും തിരിച്ചു നൽകണം. ദേശീയ പാതയ്ക്ക് അനുവദിച്ച പ്രൊജക്ടിന് മാത്രമേ ഈ നിബന്ധന ഇല്ലാതുള്ളൂ. (ഇവിടെ തിരിച്ചടവില്ലെങ്കിലും കിഫ്‌ബി ഏതാണ്ട് 6000 കോടി മുടക്കിയപ്പോൾ എഴുപതിനായിരം കോടിയുടെ റോഡ് വികസന നിക്ഷേപം ഉണ്ടായി എന്നോർക്കണം.) ചില പാക്കേജുകളിൽ പണം പൂർണ്ണമായി തിരിച്ചു കിട്ടി. മറ്റു ചിലതുകളിൽ കാലതാമസമുണ്ട്. അതുകൊണ്ട് കിഫ്ബിക്ക് പണമൊന്നും നഷ്ടപ്പെടില്ല. കണ്ണൂരിലെ കാലതാമസത്തിന് കാരണവും വ്യക്തമാണ്. കണ്ണൂർ എയർപോർട്ട് ഇപ്പോഴും പോർട്ടോക്കോൾ ആയി കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇതാണ് മുഖ്യകാരണം. പക്ഷെ സംശയമൊന്നും വേണ്ട. സിയാലുപോലെ ഉത്തരകേരളത്തിന്റെ ഒരു വളർച്ചാ ധ്രുവമായി കണ്ണൂർ എയർപോർട്ട് മാറും.

മറ്റ് ഒരു പാക്കേജിനും ഇല്ലാത്ത വിവാദം കണ്ണൂർ പാക്കേജിന് മാത്രം എന്തിന്?
കാരണം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്നാണ്. ഒന്ന് എറിഞ്ഞു നോക്കാം വല്ലതും കിട്ടിയാലോ? അതാണ് സുധാപിള്ളമാരുടെയും യുഡിഎഫിന്റെയും ഭാവം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma