കണ്ണൂരിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കുമോ കോൺഗ്രസ്?; സുധാകരന് താത്പര്യം ജയന്തിനെ
കണ്ണൂർ: കെ പി സി സി അധ്യക്ഷ സ്ഥാനത്തിരുന്ന് കൊണ്ട് വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ അറിയിച്ചതോടെ കണ്ണൂരിൽ പുതിയ സ്ഥാനാർത്ഥിയെ തേടുകയാണ് കോൺഗ്രസ്. കെ സുധാകരനോളം ശക്തനായ നേതാവിനെ ഇറക്കിയില്ലെങ്കിൽ മണ്ഡലം നിലനിർത്തുക എളുപ്പമല്ലെന്ന് നേതൃത്വത്തിന് അറിയാം. യുവാക്കൾ അടക്കമുള്ളവരുടെ പേരുകൾ മണ്ഡലത്തിൽ നിലവിൽ ചർച്ചയാകുന്നുണ്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു കണ്ണൂരിൽ യു ഡി എഫിന്റെ വിജയം. പി കെ ശ്രീമതിയെ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ സുധാകരൻ പരാജയപ്പെടുത്തുകയായിരുന്നു. സുധാകരൻ 5,29,741 വോട്ടും ശ്രീമതി 4,35,182 വോട്ടും നേടി. ബി ജെ പിയുടെ സികെ പത്മനാഭന് 68,509 വോട്ടുമാണ് ലഭിച്ചത്.

കണ്ണ് തെറ്റിയാൽ കളം മാറുന്ന മണ്ഡലമാണ് കണ്ണൂർ. ഇടതിനേയും വലതിനേയും ഒരുപോലെ ജയിപ്പിച്ച പരമ്പര്യം മണ്ഡലത്തിനുണ്ട്. അതുകൊണ്ട് തന്നെ സുധാകരന് പകരക്കാരൻ കരുത്തനാകണമെന്ന് നേതൃത്വം ആവർത്തിക്കുന്നു. മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഒരു വിഭാഗത്തിന് ഉണ്ട്. എന്നാൽ തന്റെ വിശ്വസ്തനും കെ പി സി സി ജനറൽ സെക്രട്ടറിയുമായ കെ ജയന്തിനെ മത്സരിപ്പിക്കണമെന്നാണ് സുധാകരന്റെ ആവശ്യം. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനേയും ഇവിടെ പരിഗണിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് മറ്റൊരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട അറസ്റ്റും തുടർ നടപടികളും രാഹുലിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. രാഹുലിന് സീറ്റ് നൽകാൻ പാർട്ടി തീരുമാനിച്ചാൽ അത് കണ്ണൂരാകാനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല.
അതേസമയം മറുവശത്ത് സി പി എമ്മിനെ സംബന്ധിച്ച് ഇത്തവണ അഭിമനാപ്പോരാട്ടമാണ്. വിജയത്തിൽ കുറഞ്ഞതൊന്നും സി പി എം സ്വപ്നം കാണുന്നില്ല. മണ്ഡലം തിരികെ പിടിക്കാൻ മുൻ ആരോഗ്യ മന്ത്രി കൂടിയായ കെ കെ ശൈലജയെ മത്സരിപ്പിച്ചേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. യുവ നേതാക്കളുടെ പേരും പട്ടികയിൽ ഉണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയുടെ പേരിനാണ് മുൻതൂക്കം. കോൺഗ്രസ് ആരെയാകും മത്സരിപ്പിക്കുക എന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും സി പി എം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications