കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ; പ്രായമായവരെയും വിട്ടില്ല, എസ്പിയുടെ പ്രതികരണം
കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ പോലീസിന്റെ പരസ്യശിക്ഷ. കണ്ണൂര്‍ വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലിലാണ് വിവാദമായ സംഭവം. പ്രായമായവരെ വരെ പിടികൂടി പോലീസ് ഏത്തമിടീപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിര്‍ദേശം ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്.
മുമ്പും വിവിധ സംഭവങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് യതീഷ് ചന്ദ്ര. എന്നാല്‍ പുതിയ സംഭവത്തിവത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

നിയന്ത്രണം ലംഘിച്ച്
കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പലരും നിയന്ത്രണം ലംഘിച്ച് വീടിന് വെളിയില്‍ ഇറങ്ങുന്നുണ്ട്. ഇവരെ പിടിക്കാന്‍ പോലീസ് പട്രോളിങും ശക്തമാണ്. അഴീക്കലില്‍ പട്രോളിങിനിടെയാണ് കടയ്ക്ക് മുമ്പില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പലരും ഓടി രക്ഷപ്പെട്ടു
പോലീസിനെ കണ്ട ഉടനെ പലരും ഓടി രക്ഷപ്പെട്ടു. ചിലര്‍ അവിടെ തന്നെ നിന്നു. ഇവരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് ഏത്തമിടീപ്പിച്ചത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ന് മാത്രം കണ്ണൂരില്‍ രണ്ട് കേസുകള്‍ എടുത്തു. ഇതിലൊന്ന് മീന്‍ വാങ്ങാന്‍ വളരെ അകലേക്ക് പോകാന്‍ ശ്രമിച്ചതിനാണ്.

വിവാദ സംഭവം വേറെയും
ലോക്ക് ഡൗണ്‍ വേളയില്‍ റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പോലീസ് അതിക്രമം നടക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കെയാണ് കണ്ണൂരിലെ സംഭവം. മലപ്പുറം ജില്ലയില്‍ കഴിഞ്ഞദിവസം നഗരസഭാ ഉദ്യോഗസ്ഥരെ പോലീസ് അടിച്ചത് വിവാദമായിരുന്നു. കാര്യം അന്വേഷിക്കുന്നതിന് മുമ്പായിരുന്നു മര്‍ദ്ദനം. വില വര്‍ധിപ്പിച്ചു വില്‍ക്കുന്നുവെന്ന പരാതിയില്‍ പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍. അതിനിടെയാണ് പോലീസ് എത്തിയതും ഉടനെ അടി തുടങ്ങിയതും. അബദ്ധം തിരിച്ചറിഞ്ഞ പോലീസ് പ്രശ്‌നം സംസാരിച്ചു തീര്‍ത്തു.

യതീഷ് ചന്ദ്രയുടെ പ്രതികരണം
അതേസമയം, കണ്ണൂര്‍ അഴീക്കലിലെ വിഷയത്തില്‍ എസ്പി യതീഷ് ചന്ദ്ര മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ആളുകള്‍ക്ക് ഇനിയും കൊറോണയുടെ ഗൗരവം മനസിലായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാദിവസവും കേസെടുക്കുന്നുണ്ട്. എന്നിട്ടും ആളുകള്‍ പുറത്തിറങ്ങുന്നു. അവര്‍ക്ക് ഗൗരവം മനസിലായിട്ടില്ല. വളരെ മാന്യമായി എല്ലാവരോടും കുറേദിവസം പറഞ്ഞു. പ്രായം കൂടിയ ചിലരായിരുന്നു അവര്‍. അവരെ അടിക്കാന്‍ പറ്റില്ല. എന്നാല്‍ പുറത്തിറങ്ങിയത് അംഗീകരിക്കാനും സാധിക്കില്ല. നാട്ടുകാര്‍ ഇത് കണ്ടെങ്കിലും വീട്ടിലിരിക്കണം. ജനങ്ങള്‍ ബോധവാന്‍മാരാകുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
Recommended Video

പഴയൊരു വിവാദം
നേരത്തെ ശബരിമല വിവാദം കത്തിനില്‍ക്കുന്ന വേളയില്‍ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെതിരായ യതീഷ് ചന്ദ്രയുടെ നോട്ടം വലിയ വാര്‍ത്തയായിരുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് തടഞ്ഞു. ഈ വേളയില്‍ പോലീസിനെതിരെ തട്ടിക്കയറിയ രാധാകൃഷ്ണനെ തൊട്ടുമുമ്പില്‍ വന്ന് യതീഷ് ചന്ദ്ര തുറിച്ചുനോക്കുകയായിരുന്നു.












Click it and Unblock the Notifications