കണ്ണൂര്‍ ഏത്തമിടീക്കല്‍; യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടായേക്കും, എസ്പി ഇന്ന് വിശീദകരണം നല്‍കും
തിരുവനന്തപുരം: കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. ഡിജിപി ലോക്‌നാഥ് ബെഹറ എസ്പിയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. യതീഷ് ചന്ദ്ര ഇന്ന് പ്രതികരണം അറിയിക്കും. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. യതീഷ് ചന്ദ്രയെ ശാസിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടി. ഡിജിപി നല്‍കുന്ന റിപ്പോര്‍ട്ട് കണ്ണൂരിലെ സിറ്റിങില്‍ പരിഗണിക്കുമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

കണ്ണൂര്‍ അഴീക്കലില്‍ ശനിയാഴ്ചയാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് ഏത്തമിടീച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരം നടപടികള്‍ നാടിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. പോലീസിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നടപടിയാണിത്. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ കാലത്ത് പുറത്തിറങ്ങുന്നവരോട് മാന്യമായി പോലീസ് പെരുമാറണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കണ്ണൂരിലെ വിവാദ സംഭവം. സംസ്ഥാനത്ത് പലയിടത്തും പോലീസ് നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്ണൂര്‍ വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പ്രായമായവരെ വരെ പിടികൂടി പോലീസ് ഏത്തമിടീപ്പിക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നവരെ പിടിക്കാന്‍ പോലീസ് പട്രോളിങ് ശക്തമാണ്. അഴീക്കലില്‍ പട്രോളിങിനിടെയാണ് കടയ്ക്ക് മുമ്പില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പോലീസിനെ കണ്ട ഉടനെ പലരും ഓടി രക്ഷപ്പെട്ടു. ചിലര്‍ അവിടെ തന്നെ നിന്നു. ഇവരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് ഏത്തമിടീപ്പിച്ചത്. ശക്തമായ താക്കീത് നല്‍കിയായിരുന്നു പരസ്യശിക്ഷ നടപ്പാക്കിയത്.
അതേസമയം, ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ ഞായറാഴ്ച കുറവുണ്ടായി എന്നാണ് വിലയിരുത്തല്‍. പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പോലീസ് നേരിട്ടെത്തുന്നതിന് പകരം ഡ്രോളുകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications