കണ്ണൂരിലെ ഏത്തമിടീക്കല്‍; യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി, സംസ്‌കാരത്തിന് യോജിക്കാത്തത്
തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീച്ച പോലീസ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നടപടികള്‍ നാടിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകീട്ട് കൊറോണ വ്യാപനത്തെ കുറിച്ച് വാര്‍ത്താസമ്മേളനം നടത്തവെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. പോലീസിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നടപടിയാണിത്. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലോക്ക് ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ശിക്ഷിച്ചത്.

ഇതിനെതിരെയും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ശക്തിപ്പെട്ടിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹറ കണ്ണൂര്‍ എസ്പിയോട് സംഭവത്തില്‍ വിശദീകരണം തേടിയിരിക്കുകയാണ്. കൊറോണ കാലത്ത് പുറത്തിറങ്ങുന്നവരോട് മാന്യമായി പോലീസ് പെരുമാറണമെന്ന് കഴിഞ്ഞദിവസം ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കണ്ണൂരിലെ വിവാദ സംഭവം. സംസ്ഥാനത്ത് പലയിടത്തും പോലീസ് നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കണ്ണൂര്‍ വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. പ്രായമായവരെ വരെ പിടികൂടി പോലീസ് ഏത്തമിടീപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയാണ് യതീഷ് ചന്ദ്ര. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിര്‍ദേശം ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്. മുമ്പും വിവിധ സംഭവങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് യതീഷ് ചന്ദ്ര.
കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പലരും നിയന്ത്രണം ലംഘിച്ച് വീടിന് വെളിയില്‍ ഇറങ്ങുന്നുണ്ട്. ഇവരെ പിടിക്കാന്‍ പോലീസ് പട്രോളിങും ശക്തമാണ്. അഴീക്കലില്‍ പട്രോളിങിനിടെയാണ് കടയ്ക്ക് മുമ്പില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പോലീസിനെ കണ്ട ഉടനെ പലരും ഓടി രക്ഷപ്പെട്ടു. ചിലര്‍ അവിടെ തന്നെ നിന്നു. ഇവരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് ഏത്തമിടീപ്പിച്ചത്. ശക്തമായ താക്കീത് നല്‍കിയായിരുന്നു പരസ്യശിക്ഷ നടപ്പാക്കിയത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഇന്ന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആളുകള്‍ക്ക് ഇനിയും കൊറോണയുടെ ഗൗരവം മനസിലായിട്ടില്ലെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. എല്ലാദിവസവും കേസെടുക്കുന്നുണ്ട്. എന്നിട്ടും ആളുകള്‍ പുറത്തിറങ്ങുന്നു. മാന്യമായി എല്ലാവരോടും കുറേദിവസം പറഞ്ഞു. പ്രായം കൂടിയവരായിരുന്നു അവര്‍. അടിക്കാന്‍ പറ്റില്ല. എന്നാല്‍ പുറത്തിറങ്ങിയത് അംഗീകരിക്കാനും സാധിക്കില്ല. ജനങ്ങള്‍ ബോധവാന്‍മാരാകുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ലോക്ക് ഡൗണ്‍ വേളയില്‍ റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പോലീസ് അതിക്രമം നടക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കെയാണ് കണ്ണൂരിലെ സംഭവം.












Click it and Unblock the Notifications