കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ലഹരിയുടെ ഷോപ്പിങ്മാള്‍; ഡാന്‍സ് ബാറും 600 മൊബൈലും, ബീഡി വഴി 4000 രൂപ
കഴിഞ്ഞ ദിവസമാണ് കത്ത് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെയാണ് കത്തിന്റെ തുടക്കം.
കോഴിക്കോട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരെ പാര്‍പ്പിക്കുന്ന ഇടം മാത്രമല്ല. ലഹരിയുടെ കേന്ദ്രവും പാട്ടും ഡാന്‍സും നടക്കുന്ന ആഭാസ കേന്ദ്രവുമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒരു തടവുകാരന്‍ അയച്ച കത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
കഴിഞ്ഞ ദിവസമാണ് കത്ത് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെയാണ് കത്തിന്റെ തുടക്കം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന ചട്ടലംഘനങ്ങള്‍ ഓരോന്നും കത്തില്‍ വിശദീകരിക്കുന്നുണ്ടെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ജയിലില്‍ നടക്കുന്നത് അധികാര ദുര്‍വിനിയോഗവും ചട്ടവിരുദ്ധ പ്രവര്‍ത്തനവുമാണെന്ന് കത്തില്‍ പറയുന്നു. ലഹരിയുടെ തലസ്ഥാനമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറിക്കഴിഞ്ഞുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് തടവുകാരന്‍ കത്തില്‍ വിശദീകരിക്കുന്നത്.

സെഷന്‍സ് ജഡ്ജ് സാക്ഷ്യപ്പെടുത്തി അയച്ച കത്തിലാണ് ജയിലിലെ നടുക്കുന്ന സംഭവങ്ങള്‍ പറയുന്നത്. രാത്രിയായാല്‍ ജയില്‍ ഒരു ഡാന്‍സ് ബാറായി മാറും. കഞ്ചാവിന്റെയും ബീഡിയുടേയും പുക നിറഞ്ഞിരിക്കും രാത്രിയില്‍. പൊതുവായി ഉപയോഗിക്കുന്ന മുറികളാണ് ഈ ആഭാസങ്ങള്‍.

കഞ്ചാവ് വലിക്കുന്നതിനും പാട്ട് ഉച്ചത്തില്‍ കേള്‍ക്കുന്നതിനുമെതിരേ ആരും ശബ്ദിക്കില്ല. ശബ്ദിക്കുന്നവന്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കണ്ണൂര്‍ ജയിലിനെ ലഹരിയുടെ ഷോപ്പിങ് മാള്‍ എന്നാണ് കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതു മാത്രമല്ല, ജയിലിനകത്ത് ഫോണുകളും ബീഡിയും സുലഭമാണെന്നും കത്തില്‍ പറയുന്നു.

ജയിലിനകത്ത് 600 മൊബൈല്‍ ഫോണെങ്കിലും ഉപയോഗിക്കുന്നുണ്ട്. ഏഴാം ബ്ലോക്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു തടവുകാരന്‍ ഷോക്കേറ്റ് വീണു. കുറേനേരം കഴിഞ്ഞിട്ടും ആരും അറിഞ്ഞില്ല. കോടതിയെ വിവരം ധരിപ്പിച്ച ശേഷം സ്വിച്ച് ബോര്‍ഡ് പുറം വരാന്തയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

രാത്രി ഒമ്പതു മണിക്കാണ് ടിവി ഓഫ് ചെയ്യേണ്ടത്. പക്ഷേ ചില തടവുകാര്‍ നേരം പുലരുവോളം പരിധിയില്ലാതെ ഉപയോഗിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇതിനേക്കാള്‍ കൗതുകകരമാണ് ബീഡിയെ പറ്റി കത്തില്‍ പറയുന്നത്. പോലിസുകാര്‍ക്ക് വരെ ബീഡി കടത്തില്‍ ബന്ധമുണ്ടത്രെ.

ഒരു പൊതി ബീഡി പുറത്തുനിന്ന് എത്തിച്ചുകൊടുക്കുന്ന ആള്‍ക്ക് 100 രൂപ കിട്ടും. ലഭിക്കുന്ന തടവുകാരന്‍ മറിച്ചുവില്‍ക്കുമ്പോള്‍ വില 200 ആകും. 20 കെട്ട് വീതമുള്ള രണ്ട് ബണ്ടിലുകളാണ് കടത്തുന്നത്. ഇതിന് സഹായിക്കുന്ന പോലിസുകാര്‍ക്ക് എല്ലാ ദിവസവും 4000 രൂപ വരെ ലഭിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

ജയിലിനകത്തേക്കുള്ള പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ ഡോക്ടര്‍ പരിശോധിക്കണമെന്നാണ് ചട്ടം. പക്ഷേ ഇതൊക്കെ ചെയ്യുന്നത് ഒരു തടവുകാരനാണ്. അയാള്‍ പറയുന്ന അളവില്‍ പാന്‍മസാലകള്‍ എത്തിച്ചുകൊടുത്താല്‍ ഏത് ചീഞ്ഞ പച്ചക്കറിയും അകത്തേക്ക് കടത്താം. ഒന്നിനും ഒരു കുഴപ്പവുമില്ലെന്ന് ആ തടവുകാരന്‍ വിധിയെഴുതും.

പുറത്തുനിന്ന് ലഭിക്കുന്നതിനേക്കാള്‍ സുലഭമാണ് ജയിലിനകത്ത് കഞ്ചാവും ബീഡിയും ആംപ്യൂളും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനും ഈ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടപടിക്രമങ്ങള്‍ കീഴ്‌മേല്‍മറിയുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ കത്തെന്ന് രമേശ് ചെന്നിത്തല പോസ്റ്റില്‍ വ്യക്തമാക്കി.

മുമ്പ് ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലിലായിരിക്കെ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് അന്നുയര്‍ന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. അതിന് ശേഷം ജയിലിലെ പ്രശ്‌നങ്ങള്‍ രമേശ് ചെന്നിത്തലയെ ഒരു തടവുകാരന്‍ ഫോണില്‍ വിളിച്ചുപറഞ്ഞതും വിവാദമായി. തടവുകാരന് ഫോണ്‍ എവിടെ നിന്നുകിട്ടിയെന്നായിരുന്നു ചോദ്യം.












Click it and Unblock the Notifications