കണ്ണൂരിലെ ബിജെപിക്കും കോണ്‍ഗ്രസിനും പി ജയരാജനെ ഭയമോ?
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ഒരിക്കല്‍ക്കൂടി പി ജയരാജന്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ചങ്കിടിക്കുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും. ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സിപിഎം നടത്തുന്ന മുന്നേറ്റമാണ് എതിരാളികളികളുടെ ചങ്കിടിപ്പേറ്റുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായിട്ടും ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം ചരിത്രനേട്ടമാണ് കണ്ണൂരിലുണ്ടാക്കിയിതെന്നുകാണാം.
ചരിത്രത്തിലാദ്യമായി കണ്ണൂര്‍ നിയമസഭാ മണ്ഡലം കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തതും കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആദ്യഭരണം ഇടതുപക്ഷത്തിന് ലഭിച്ചതും ജയരാജന്റെ പ്രവര്‍ത്തനഫലമാണ്. കൂടാതെ, ബിജെപി, കോണ്‍ഗ്രസ്, മുസ്ലീംലീഗ് തുടങ്ങിയ പാര്‍ട്ടിയെ പ്രവര്‍ത്തകരെയും അണികളെയും കൂട്ടത്തോടെ സിപിഎമ്മിലെത്തിച്ചും ജയരാജന്‍ എതിരാളികളെ ഞെട്ടിച്ചു.

പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയരാജന്‍ തുടങ്ങിവെച്ച ഐആര്‍പിസി സാന്ത്വന പരിചരണം ഇന്ന് കേരളത്തിനാകെ മാതൃകയാണ്. മറ്റുജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റെടുത്ത സാന്ത്വന പരിചരണം തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വളണ്ടിയര്‍മാരുമായി മുന്നോട്ടുപോവുകയാണ്. ഐആര്‍പിസി സാന്ത്വന പരിചരണം ജയരാജന്റെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ നേട്ടമാണ് ഉണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍.
ആര്‍എസ്എസ്സുകാര്‍ വെട്ടിയരിഞ്ഞിട്ടും ശാരീരിക അവശതകള്‍ വകവെയ്ക്കാതെ ജയരാജന്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും അതുവഴി സിപിഎം കണ്ണൂരിലുണ്ടാക്കുന്ന നേട്ടങ്ങളും എതിരാളികളെ അസൂയപ്പെടുത്തുന്നതാണ്. ജയരാജന്റെ ചങ്കുറപ്പിനെക്കുറിച്ച് ഒരിക്കല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശം തന്നെ ജയരാജന്റെ മികവിന് ലഭിച്ച അംഗീകാരമാണ്. ജയരാജനെ ഒരിക്കല്‍ക്കൂടി സിപിഎമ്മിന്റെ കണ്ണൂര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായതും രാഷ്ട്രീയ രംഗത്തെ ജയരാജന്റെ ഇടപെടലുകള്‍ തന്നെ. തന്റെ നേതൃത്വത്തില്‍ കണ്ണൂരിലുണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തുകയായിരിക്കും സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനത്തിനിരയായ ജയരാജന്‍ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെന്നുറപ്പാണ്.












Click it and Unblock the Notifications