കണ്ണൂർ ട്രെയിൻ തീവെപ്പ്; പ്രതി ബംഗാൾ സ്വദേശിയായ ഭിക്ഷാടകൻ, തീയിട്ടത് പണം കിട്ടാത്ത നിരാശയിൽ
കണ്ണൂരിൽ ട്രെയിനിന് തീവെച്ചത് പശ്ചിമബംഗാൾ സ്വദേശി പ്രസോൻജീത് സിക്ദറെന്ന് (40) ഉത്തരമേഖല ഐജി. ഇയാൾ ഭിക്ഷാടകനാണെന്നും പണം കിട്ടാത്ത നിരാശയിലാണ് ട്രെയിനിന് തീവെച്ചതെന്നും ഐജി നീരജ് ഗുപ്ത പറഞ്ഞു.
ഭിക്ഷാടനത്തിന്റെ ഭാഗമായി തലശേരിയിൽ എത്തിയ പ്രതിക്ക് പണമൊന്നും ലഭിച്ചിരുന്നില്ല. ഇയാൾ ഇതോടെ കണ്ണൂരേക്ക് നടന്നാണ് യാത്ര ചെയ്തത്. പണം ലഭിക്കാത്തതിൽ ഇയാൾക്ക് മാനസിക സംഘർഷം ഉണ്ടായിരുന്നു. തുടർന്നാണ് ട്രെയിനിന് തീവെച്ചതെന്നും ഐജി പറഞ്ഞു.ഇയാൾ മാത്രമാണ് പ്രതിയെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും ഐജി വ്യക്തമാക്കി.

'കൊൽക്കത്തയിലും മുംബൈയിലും ഇയാൾ ഹോട്ടലുകളിൽ ജോലി ചെയ്തിട്ടുണ്ട്. രണ്ട് വർഷം മുൻപ് വരെ പ്ലാസ്റ്റിക് ബോട്ടിൽ പെറുക്കി വിറ്റാണ് ഇയാൾ ഉപജീവനം നടത്തിയിരുന്നത്. അതിന് ശേഷമാണ് ഭിക്ഷാടനത്തിലേക്ക് തിരഞ്ഞത്. തലശേരിയിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിട്ടും അയാൾക്ക് കാര്യമായി പണം ലഭിച്ചില്ല. ഇത് ഇത് ഇയാളെ മാനസികമായി ബുദ്ധിമുട്ടിച്ചു. അവിടെ നിന്ന് ഇതോടെ കണ്ണൂരേക്ക് നടന്ന് വന്നു', ഐജി പറഞ്ഞു.
ഇയാൾക്ക് ബീഡി വലിക്കുന്ന ശീലമുണ്ട്. ഇതിനായി സ്ഥിരം കരുതുന്ന തീപ്പെട്ടി ഉപയോഗിച്ചാണ് ട്രെയിനിന് തീയിട്ടത്. എന്തെങ്കിലും ഇന്ധനം ഉപയോഗിച്ചാണ് തീയിട്ടത് എന്നതിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ഐജി വ്യക്തമാക്കി.കസ്റ്റഡിയിൽ എടുത്ത പ്രതിയെ ഉടൻ തന്നെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുമെന്നും ഐജി അറിയിച്ചു.
അതേസമയം പ്രതിയുടെ വിശദാംശങ്ങൾ അറിയാൻ കേരള പോലീസ് ഇന്ന് കൊൽക്കത്തയിലെത്തിയിരുന്നു. കണ്ണൂർ സിറ്റി സി ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തിയിൽ എത്തിയത്.ഇയാളുടെ മൊഴിയിലെ കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. അതിനിടെ കണ്ണൂർ തീവെപ്പ് സംഭവത്തിന് എലത്തൂർ തീവെപ്പ് സംഭവവുമായി എന്തെങ്കിലും ബന്ധമുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ തീവെപ്പിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.












Click it and Unblock the Notifications