'എന്ത് പദ്ധതികൾ വന്നാലും പ്രതിപക്ഷം എതിർക്കും,സിൽവർ ലൈൻ കേരളത്തിന് ആവശ്യം' -സുന്നി കാന്തപുരം വിഭാഗം
ദുബായ്: കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി സുന്നി കാന്തപുരം വിഭാഗം. പദ്ധതിയെ അനുകൂലിച്ച് ആയിരുന്നു വിഭാഗത്തിന്റെ പ്രതികരണം.
കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സിൽവർ ലൈൻ പദ്ധതി ആവശ്യമാണ് എന്ന് മര്‍കസ് നോളജ് സിറ്റി ഡയറക്ടറും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മകനുമായ എ പി അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തമാക്കി.
ഭരിക്കുന്ന സർക്കാർ എന്ത് പദ്ധതി നടപ്പിലാക്കിയാലും അതിനെ വിമർശിക്കുക എന്ന ഉദ്ദേശം ആണ് പ്രതിപക്ഷത്തിന് ഉള്ളത്. ഇത് നാട്ടുനടപ്പാണ്. എന്നാൽ വികസന പദ്ധതികളോട് മുഖം തിരിച്ച് നിൽക്കുന്നത് ശരിയല്ലെന്നും മനോരമ ന്യൂസിനോട് അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; -
'ഭരണകൂടം എന്ത് വികസന പദ്ധതികൾ കൊണ്ടുവന്നാലും അത് നടപ്പിലാക്കിയാൽ പ്രതിപക്ഷം എതിർക്കും. എതിർത്താൽ മാത്രമേ പ്രതിപക്ഷം ആകുകയുള്ളൂ എന്നതാണ് നാട്ടിലെ പൊതു നിലപാട്. എന്ത് തരത്തിൽ ഉണ്ടാകുന്ന വികസന പുരോഗതികൾ ആണെങ്കിലും ചില തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കുടിയൊഴുപ്പിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ എല്ലാം ഉണ്ടാകും.

എന്നാൽ, ഇതിനുള്ള പരിഹാരം കാണുക എന്നതാണ് പ്രധാനം. പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇതിനൊപ്പം നടക്കേണ്ടത് പരിഹാരം കാണുക എന്നുള്ളതാണ്. സാധാരണക്കാരായ ജനങ്ങൾക്ക് ഭൂമിയുടെ മതിയായ വില നൽകുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുമ്പോൾ മുഖം തിരിഞ്ഞ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്' - അദ്ദേഹം വ്യക്തമാക്കി

അതേസമയം, വഖഫ് നിയമങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു. നിയമങ്ങൾ പിഎസ്‌സിയ്ക്ക് വിടുന്നതിൽ എതിർപ്പില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വിഷയത്തിൽ മുസ്ലിം ലീഗിന് ഉള്ളത് രാഷ്ട്രീയ എതിർപ്പാണ്. ഏതു വഴിയിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നത് വിഷയമല്ല. എന്നാൽ പ്രവർത്തിക്കുന്ന കാര്യങ്ങളിൽ നീതി നടപ്പിലാക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങൾ കേരളത്തിൽ ഉടനീളം നടന്നിരുന്നു. എന്നാൽ, പ്രതിക്ഷേധങ്ങൾക്ക് പിന്നാലെ സിൽവർ ലൈൻ സർവ്വേ നടത്തുന്നത് ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സർക്കാർ വാദം പൊളിഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്.

സിൽവർ ലൈൻ പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലെ ജില്ലാ ഭരണകൂടങ്ങൾ പുറത്തിറക്കിയ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. തുടർ വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിക്കുന്ന വിജ്ഞാപനം സർക്കാർ പുറത്ത് ഇറക്കിയത് 2021 ഒക്ടോബർ എട്ടിന് ആണ്.

സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ സാമൂഹിക ആഘാത പഠനത്തിന് ആണെന്ന സർക്കാറിന്റെ വാദത്തിന് വിരുദ്ധമാണ് വിജ്ഞാപനം. എന്നാൽ, ഈ വിഷയത്തിൽ സർക്കാർ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വിജ്ഞാപനത്തിലെ പരാമർശങ്ങൾ സാങ്കേതികം മാത്രം ആണെന്ന് ആയിരുന്നു സർക്കാർ നൽകിയ വിശദീകരണം. അത്യാവിശ്യം ആകുന്ന മുറയ്ക്ക് സർവേ സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാൻ അനുമതി ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, പദ്ധതിയുടെ ഭാഗമായി സർവേ കല്ല് സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ ഭൂമി വില കൊടുത്ത് വാങ്ങാം എന്നും ഈ പുറത്തു വന്ന വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി സർക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ്. പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് സർക്കാർ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. ഇക്കാര്യവും പുറത്തായ വിജ്ഞാപനത്തിലൂടെയാണ് വ്യക്തമാകുന്നത്. സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം.












Click it and Unblock the Notifications