'വിഡി സതീശന്റേത് അതിശക്തമായ സ്ത്രീപക്ഷ നിലപാട്, ഇടതുപക്ഷത്ത് നിന്ന് പ്രതീക്ഷിച്ച ആർജ്ജവമുണ്ടായില്ല'
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനകളിൽ മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തെ അഭിനന്ദിച്ച് നടി മാലാ പാർവ്വതി. അതിശക്തമായ ഒരു സ്ത്രീപക്ഷ നിലപാട് തന്നെയാണ് മുഖ്യമന്ത്രി കൈക്കൊണ്ടതെന്ന് മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ഇടതുപക്ഷത്ത് നിന്ന് എംഎം ബേബി ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും മറ്റ് നേതാക്കളിൽ നിന്ന് പ്രതീക്ഷിച്ച ആർജ്ജവം കണ്ടില്ലെന്നും മാലാ പാർവ്വതി പ്രതികരിച്ചു.
മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്: ' അങ്ങനെ ശ്രീ കാന്തപുരം തൻ്റെ നിലപാട് മയപ്പെടുത്തി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട്. അതിന് പ്രത്യേക സ്ക്കുളുകൾ ഉണ്ട് എന്നും രണ്ടാം തരാക്കാരായി കാണുന്നില്ല എന്നും പറഞ്ഞു. കേരളം ഒറ്റക്കെട്ടായി ചെറുത്തത് കൊണ്ടാണ് ഈ നയം മാറ്റം എന്ന് പറയാമെങ്കിലും, മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
ഇസ്ലാമിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞ ഭാഗത്തിൽ പിശക് പറ്റിയിട്ടുണ്ടാവാം. പക്ഷേ, അതിശക്തമായ ഒരു സ്ത്രീപക്ഷ നിലപാട് തന്നെയാണ് അദ്ദേഹം കൈക്കൊണ്ടത്. ശക്തമായ ഇടപെടൽ ഫലം കണ്ടു. നാടിനെ പിന്നാക്കം തള്ളുന്ന പ്രസ്താവനകൾ ഈ മണ്ണിൽ വിലപ്പോവില്ല എന്ന ഒരു താക്കീത്, ചെറുത്ത് നിൽപ്പിലൂടെ കേരളം പറഞ്ഞ് വച്ചു.

ഇടത് പക്ഷ നേതാക്കളിൽ, നിന്ന് പ്രതീക്ഷ ആർജ്ജവം,കാണാൻ സാധിച്ചില്ലെങ്കിലും, ശ്രീ എംഎ ബേബി ശക്തമായ നിലപാട് സ്വീകരിച്ചു. ഇത് ഒരു സ്ത്രീപക്ഷ നിലപാട് മാത്രമല്ല , മനുഷ്യപക്ഷ നിലപാട് എന്ന് ഉറക്കെ പറഞ്ഞ ഏവർക്കം അഭിമാനിക്കാം. നാടിൻ്റെ നിയമത്തിന് വിരുദ്ധമാകരുത്, നിലപാടുകൾ. Gen Z, Gen Alpha ഇതൊന്നും ശ്രദ്ധിച്ചിട്ട് തന്നെയില്ല. അവരുടെ വിഷയവും അല്ല. എങ്കിലും പ്രതിരോധിക്കേണ്ടത് പ്രതിരോധിച്ചും, പ്രതിഷേധിക്കേണ്ടതിന് പ്രതിഷേധിച്ചും നമുക്ക് മുന്നേറാം''.
സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കേണ്ടവരാണ് എന്നുളള കാന്തപുരത്തിന്റെ പ്രസ്താവന വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിവാദമായതിന് പിന്നാലെ സ്ത്രീകളെ കുഴിച്ച് മൂടണമെന്ന് പറയുന്നവരല്ല ഇസ്ലാമെന്ന വിശദീകരണവുമായും കാന്തപുരം രംഗത്ത് എത്തിയിരുന്നു.
മാത്രമല്ല പ്രവർത്തകർ സംയമനം പാലിക്കണമെന്ന കുറിപ്പും കാന്തപുരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. '' സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ.
പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവർക്കും നന്മകൾക്കു തൗഫീഖ് നൽകട്ടെ''.



Click it and Unblock the Notifications