ഗാസയ്ക്ക് വേണ്ടി തങ്കളാഴ്ച നോമ്പ് എടുത്ത് സവിശേഷ പ്രാര്‍ഥന നടത്തണം; അഭ്യര്‍ഥനയുമായി കാന്തപുരം
കോഴിക്കോട്: ഗാസയിലെ പലസ്തീന്‍കാരുടെ ചിത്രങ്ങള്‍ കണ്ണു നനയിക്കുന്നതാണ് എന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. ഗാസ പിടിച്ചടക്കാനാണ് ഇസ്രായേലിന്റെ തീരുമാനം എന്ന് വാര്‍ത്ത കണ്ടു. ഗാസയിലെ കുഞ്ഞുങ്ങളുടെ ദയനീയ ചിത്രം കണ്ണില്‍ നിന്ന് മായുന്നില്ല. നീതീകരിക്കാനാകാത്ത വംശഹത്യയാണ് ഗാസയില്‍. മുഴുപട്ടിണിയിലുള്ളവര്‍ക്ക് നേരെ പോലും വെടിയുതിര്‍ക്കുകയാണ് എന്നും കാന്തപുരം പറയുന്നു.
ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഗാസയിലുള്ളവര്‍ നെട്ടോട്ടമോടുകയാണ്. പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി അരവയര്‍ പോലും നിറയ്ക്കാന്‍ സാധിക്കാത്ത അവര്‍ നമ്മെ ദയനീയമായി നോക്കുന്നു. ഈ വേളയില്‍ ഗാസയിലുള്ളവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണം. തിങ്കളാഴ്ച നോമ്പ് എടുത്ത് പ്രാര്‍ഥന നടത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

കാന്തപുരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഗസ്സ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അനുമതി നല്‍കിയതായുള്ള വാര്‍ത്ത കണ്ടു. ഗസ്സയില്‍ വംശഹത്യാ പദ്ധതി നടപ്പാക്കിയാണ് സയണിസ്റ്റ് സൈന്യം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. കണ്ണു കുഴിഞ്ഞ, വയറൊട്ടിയ, എല്ലുന്തിയ, ഓരോ നിമിഷവും വിശപ്പിന്റെ മരണവേദനയില്‍ നിലവിളിക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കണ്ണില്‍ നിന്നു മായുന്നില്ല.
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കരാറുകളും ലംഘിച്ച് കഴിഞ്ഞ 22 മാസമായി ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന നരഹത്യയും ഉപരോധവും മൂലം ഇതുവരെ 65,000 ത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പട്ടിണിമൂലം മാത്രം മരണപ്പെട്ടത് 193 പേര്‍.
ഒരിക്കലും നീതീകരിക്കാനാവാത്ത വംശഹത്യയാണ് ഗസ്സയില്‍ ചെയ്തുകൂട്ടുന്നത്. സര്‍വവും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും, മുഴുപട്ടിണിയില്‍ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന കേവല ഭക്ഷണപ്പൊതികള്‍ക്ക് കാത്തുനില്‍ക്കുന്നവര്‍ക്കും നേരെപോലും വെടിയുതിര്‍ക്കാന്‍ മുതിരുന്നത് എത്ര കിരാതമായ ആശയമാണ് അക്രമികളെ നയിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.
ചിത്രങ്ങളും വാര്‍ത്തകളും നമ്മോട് പറഞ്ഞതിനേക്കാളും ഭീകരമാണ് അവസ്ഥ. 81% ജനങ്ങള്‍ക്കും ഭക്ഷ്യോപയോഗം ഏറ്റവും കുറഞ്ഞ നിലയിലെന്നാണ് യുഎന്‍ കണക്ക്. പത്തില്‍ ഒന്‍പതു കുടുംബങ്ങളും ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്. ഹൃദയം തകര്‍ന്നു പോകുന്ന മുറിവുകളുടെ മാത്രം ലോകമായി ഒരു നാട് മാറിയിരിക്കുന്നു. പിറന്ന മണ്ണില്‍ അഭയാര്‍ഥികളായി അരവയറുപോലും നിറക്കാന്‍ നിവൃത്തിയില്ലാതെ ദയനീയമായി അവര്‍ നമ്മെ നോക്കുന്നു.
മാനുഷിക പരിഗണനയിലും ഒരു വിശ്വാസി എന്ന നിലയിലും നമുക്ക് ചില കടമകളുണ്ട്. നമ്മുടെ സഹോദരങ്ങളാണവര്‍. ഓര്‍ക്കുമ്പോള്‍ കണ്ണില്‍ നനവ് പടരുന്നു. അവര്‍ക്കുവേണ്ടി ഇനിയും റബ്ബിനോട് മനമുരുകി പ്രാര്‍ഥിക്കേണ്ടതുണ്ട്.
ഗസ്സ നിവാസികളുടെ ക്ഷേമത്തിനും സമാധാനം പുലരുന്നതിനും വേണ്ടി വരുന്ന തിങ്കളാഴ്ച(11-08-25) മഗ്രിബ് നിസ്‌കാരശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഒന്നിച്ചിരുന്ന് സവിശേഷ പ്രാര്‍ഥന നടത്തണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. പ്രാര്‍ഥനയുടെ മുന്നോടിയായി സുകൃതങ്ങള്‍ ഉണ്ടാവുകയെന്നത് അതിന്റെ സ്വീകാര്യതയുടെയും മര്യാദയുടെയും ഭാഗമാണല്ലോ. ആ അര്‍ഥത്തില്‍ തിങ്കളാഴ്ച പകല്‍ അന്നേ ദിവസം സുന്നത്തുള്ള നോമ്പ് കഴിയുന്നവരെല്ലാം അനുഷ്ഠിക്കണമെന്ന് ഉണര്‍ത്തുന്നു.
ഫലസ്തീന്‍ ജനതക്ക് എത്രയും വേഗം സമാധാന ജീവിതം സാധ്യമാവട്ടെ.''












Click it and Unblock the Notifications