മുഖ്യമന്ത്രിയും ഗവര്‍ണറും വ്യോമയാന മന്ത്രിയും കരിപ്പൂരിലെത്തും; വി മുരളീധരന് അപകട സ്ഥലത്തെത്തി
തിരുവനന്തപുരം: കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫം മുഹമ്മദ് ഖാനും കരിപ്പൂരിലെത്തും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇരുവരും പുറപ്പെടുന്നത്. കരിപ്പൂരിലെ വിമാനാപകടം നടന്ന സ്ഥലം ഇരുവരും സന്ദര്‍ശിക്കും. അതേസമയം, കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചേക്കില്ല. ഇതിനിടെ അപകടസ്ഥലത്തേക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ ദില്ലിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം അഞ്ചര മണിയോടെ കരിപ്പൂരിലെത്തി. അപകടസ്ഥലം സന്ദര്‍ശിക്കുകയും നില വിലയിരുത്തുകയും ചെയ്തെന്നാണ് വിവരം.
അതേസമയം, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീവ് സിംഗ് പുരിയും കരിപ്പൂരിലെത്തും. ദുരന്തത്തിന്റെ വിശദമായ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണം ഡിജിസിഎയുടെ നേതൃത്വത്തില്‍ നടക്കും. കൂടാതെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. കരിപ്പൂരിലെത്തിയ ഡിജിസിഎ സംഘം അപകടസ്ഥലം പരിശോധിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്നതിനായി എത്തിയിട്ടുണ്ട്.
മോശം കാലാവസ്ഥയാണ് ദുരന്തത്തിന്റെ പ്രധാന കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്ത് പരിശോധിച്ചാല്‍ മാത്രമാണ് കുടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞെന്നാണ് വിവരം. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നതായി സൂചന. ഗ്ലോബല്‍ ഫ്ലൈറ്റ് ട്രാക്കര്‍ വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ആണ് ഇത്തരം ഒരു സൂചന നല്‍കുന്നത്.
കനത്ത മഴ കാരണം പൈലറ്റിന് റണ്‍വേ കാണാന്‍ ആകാത്ത സാഹചര്യം ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടിട്ടുണ്ടാകാം എന്നും അതിനാല്‍ ആയിരിക്കാം രണ്ടാമതും ലാന്‍ഡിങ്ങിന് ശ്രമിച്ചത് എന്നും കരുതുന്നു. ബ്ലാക്ക് ബോക്സ് പരിശോധിച്ചാലേ ഇത് സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. വിമാനത്താവളത്തിന് മുകളില്‍ എത്തിയതിന് ശേഷം 20 മിനിട്ടോളം വിമാനം ആകാശത്ത് വട്ടം ചുറ്റിയിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. ഒരുതരത്തിലും ഉള്ള മുന്നറിയിപ്പുകള്‍ യാത്രക്കാര്‍ നല്‍കിയിരുന്നില്ലെന്നും പറയുന്നുണ്ട്. ടേബിള്‍ ടോപ്പ് വിമാനത്താവളം ആയതിനാല്‍ ആണ് അപകടം ഇത്രയും ഗുരുതരമായത്. ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയില്‍ നിന്ന് പുറത്തെത്തുകയും കുത്തനെയുള്ള താഴ്ചയിലേക്ക് വീഴുകയും ആയിരുന്നു. ഈ വീഴ്ചയില്‍ ആണ് വിമാനം രണ്ടായി പിളര്‍ന്നത്.