കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപാഠിക്ക് വീടൊരുക്കാനായി കുട്ടികളുടെ വാഴക്കുല

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: കാര്‍ഷിക സംസ്‌കാരത്തെ കൂട്ടുപിടിച്ച് സാഹോദര്യവും കാരുണ്യവും ഊട്ടിയുറപ്പിക്കുകയാണ് കരിവെള്ളൂരിലെ 2400ഓളം വിദ്യാര്‍ത്ഥികള്‍. വീടില്ലാത്ത തങ്ങളുടെ സഹപാഠിക്ക് വീടൊരുക്കുന്നതിനായുള്ള പണം സ്വരൂപിക്കാനായി വാഴകൃഷി നടത്തിയാണ് കരിവെള്ളൂര്‍ എ വി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ മാതൃകയാകുന്നത്.

സഹപാഠി കൂക്കാനം കോളനിയിലെ രാഹുല്‍ രമേശന് വീടില്ലെന്ന കാര്യം സ്‌കൂള്‍ പിടിഎയില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ അദ്ധ്യാപകരും പിടിഎ ഭാരവാഹികളും വിദ്യാര്‍ത്ഥികളുമെല്ലാം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു വാഴകൃഷി നടത്തി പണം സ്വരൂപിക്കുക എന്നത്. എല്ലാവരും ഒരുമിച്ചു ചേര്‍ന്നുള്ള വാഴകൃഷിക്കു പകരം ഓരോ വിദ്യാര്‍ത്ഥിയുടെയും വീട്ടില്‍ വാഴ നട്ട് ആ കുല വിറ്റുകിട്ടുന്ന പണം സ്‌കൂളില്‍ ഏല്‍പ്പിക്കാനായിരുന്നു തീരുമാനം.

banana

ഇതിനായി തമിഴ്‌നാട്ടില്‍ നിന്നും 25000 രൂപ ചിലവഴിച്ച് വാഴക്കന്നുകള്‍ ഇറക്കി. 2013 നവംബര്‍ 11ന് സ്‌കൂളിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ 2400 വിദ്യാര്‍ഥികള്‍ക്ക് രണ്ടുവീതം വാഴക്കന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒരു വാഴക്കുല വിദ്യാര്‍ത്ഥിക്ക് സ്വന്തമാകുമ്പോള്‍ മറ്റേ വാഴയില്‍ നിന്നുള്ള കുല സ്‌കൂളിലെത്തികണമെന്നായിരുന്നു നിര്‍ദ്ദേശം.

മിക്ക വിദ്യാര്‍ത്ഥികളുടെയും വാഴകള്‍ കുലച്ച് മൂപ്പെത്തിക്കഴിഞ്ഞു. സ്‌കൂളില്‍ എല്ലാദിവസും ഇപ്പോള്‍ വാഴക്കുലകള്‍ എത്തുന്നുണ്ട്. ചിലര്‍ വാഴക്കുല അടുത്തുള്ള സ്ഥലങ്ങളില്‍ വിറ്റ് പണം സ്‌കൂളിലെത്തിക്കുകയാണ്. ഓണക്കാലത്ത് വാഴക്കുല ഓണക്കുന്ന് ചന്തയില്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാനും പരിപാടിയുണ്ട്. വീടെടുക്കാനുള്ള പണം വാഴക്കുലയില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.

English summary
For helping schoolmates Karivallur school student's started banana cultivation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X