മന്ത്രിമാരുടെ സ്വത്ത് വിവരം കേട്ട് ഞെട്ടി ജനം: 5 വർഷം കൊണ്ട് വർധിച്ചത് എട്ട് ഇരട്ടി വരെ, കോടികള്‍
കർണാടകയിലെ ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ അഞ്ച് പ്രമുഖ മന്ത്രിമാരുടെ സ്വത്തില്‍ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിലുണ്ടായത് വന്‍ വർധനവ്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നേതാക്കന്‍മാരുടേയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍ പുറത്ത് വന്നത്. പല മടങ്ങുകളായിട്ടാണ് മന്ത്രിമാരുടെ സ്വത്തുക്കള്‍ വർധിച്ചതെന്നതാണ് ശ്രദ്ധേയം.
മെഡിക്കൽ വിദ്യാഭ്യാസ-ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.സുധാകറിന്റെ ആസ്തിയാണ് ഗണ്യമായി വർധിച്ചത്. വൈദ്യുതി മന്ത്രി വി സുനിൽ കുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി സി സി പാട്ടീൽ, സഹകരണ സഹമന്ത്രി എസ്.ടി.സോമശേഖർ, വ്യവസായ മന്ത്രി മുരുഗേഷ് നിരാനി എന്നിവരുടെ സ്വത്തിലും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളില്‍ വലിയ തോതില്‍ വർധിച്ചിട്ടുണ്ടെന്നും സത്യവാങ് മൂലത്തെ അടിസ്ഥാനമാക്കി ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, 2019 ൽ ബിജെപിയിലേക്ക് കൂറുമാറിയ 17 വിമതരിൽ ഒരാളായ സുധാകറിന്റെ ജംഗമ സ്വത്ത് 2018 ലെ 1.11 കോടി രൂപയിൽ നിന്ന് 2023 ൽ 2.79 കോടി രൂപയായി വർദ്ധിച്ചു. ഈ കാലയളവിൽ മറ്റ് സ്ഥാവര ആസ്തികൾ ഏതാണ്ട് അതേപടി തുടർന്നു. അതേസമയം സുധാകറിന്റെ ഭാര്യ ഡോ. പ്രീതി ജിഎയുടെ സ്വത്ത് 2018-ലെ 1.17 കോടിയിൽ നിന്ന് 2023-ൽ 16.1 കോടിയായി ഉയർന്നു. കഴിഞ്ഞ സെപ്തംബറിൽ ബെംഗളൂരുവിലെ സദാശിവനഗറിൽ 14.92 കോടി രൂപയുടെ വീട് വാങ്ങിയതും ഇതിൽ ഉൾപ്പെടുന്നു.
2019 ലെ മറ്റൊരു വിമതനായ സോമശേഖറിന്റെ ആസ്തി 2018 ലെ 67.83 ലക്ഷത്തിൽ നിന്ന് 5.46 കോടി രൂപയായി വർധിച്ചു. അതായത് 4 വർഷം കൊണ്ട് എട്ട് ഇരട്ടിയിലേറെ വർധിച്ചുവെന്നതാണ് ശ്രദ്ധേയം. സുനില്‍ കുമാറിന്റെ ആസ്തികളാകട്ടെ, 2018-ലെ 53.27 ലക്ഷം രൂപയായിരുന്നത് 2023-ൽ 1.59 കോടി രൂപയായി മൂന്നിരട്ടിയായി ഉയർന്നു. അതോടൊപ്പം തന്നെ ഇതേ കാലയളവിൽ സ്ഥാവര ആസ്തികൾ 1.68 കോടി രൂപയിൽ നിന്ന് 4.03 കോടി രൂപയായി രണ്ടര മടങ്ങ് വർധിച്ചു.
മുരുഗേഷ് നിരാനിയുടെ ജംഗമ ആസ്തി 16 കോടിയിൽ നിന്ന് 27.22 കോടി രൂപയായപ്പോൾ അദ്ദേഹത്തിന്റെ സ്ഥാവര സ്വത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4.58 കോടിയിൽ നിന്ന് 8.6 കോടിയായും ഉയർന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല നിരാണിയുടെ ജംഗമ ആസ്തി 2018ൽ 11.58 കോടിയിൽ നിന്ന് 38.35 കോടിയായി ഉയർന്നു. പാട്ടീലിന്റെ ജംഗമ ആസ്തി 2018ൽ 94.36 ലക്ഷം രൂപയിൽ നിന്ന് 3.28 കോടി രൂപയായും അദ്ദേഹത്തിന്റെ സ്ഥാവര സ്വത്ത് 4.47 കോടി രൂപയിൽ നിന്ന് 7.2 കോടി രൂപയായും ഈ അഞ്ചുവർഷ കാലയളവിൽ വർധിച്ചു.
മന്ത്രിമാരുടെ സ്വത്ത് വിവരം
കെ സുധാകർ
2023
ജംഗമ ആസ്തി - 2.79 കോടി (ഭാര്യ ഡോ. പ്രീതി ജി.എ. 6.59 കോടി)
സ്ഥാവര - 2.66 കോടി രൂപ (ഭാര്യ 16.1 കോടി, 2022 സെപ്റ്റംബർ 1-ന് വാങ്ങിയ 14.92 കോടി സദാശിവനഗർ വീട് ഉൾപ്പെടുന്നു)
ബാധ്യതകൾ - 1.6 കോടി രൂപ (ഭാര്യ 19.06 കോടി)
2018
ജംഗമ - 1.11 കോടി രൂപ (ഭാര്യ 10.76 കോടി)
സ്ഥാവര - 2.34 കോടി (1.17 കോടി)
ബാധ്യതകൾ - 15.94 ലക്ഷം രൂപ (ഭാര്യ 10.7 കോടി രൂപ)
മുരുഗേഷ് നിരാണി
2023
ജംഗമ ആസ്തി - 27.22 കോടി (ഭാര്യ കമലാ നിരാണി 38.35 കോടി)
സ്ഥാവര - 8.6 കോടി (23.85 കോടി)
ബാധ്യതകൾ - 22.62 കോടി (47.56 കോടി)
2018
ജംഗമ - 16 കോടി രൂപ (ഭാര്യ 11.58 കോടി)
സ്ഥാവര - 4.58 കോടി (20.3 കോടി)
ബാധ്യതകൾ - 8.31 കോടി രൂപ (15.23 കോടി)
സിസി പാട്ടീൽ
2023
ജംഗമ ആസ്തി - 3.28 കോടി രൂപ
സ്ഥാവര - 7.2 കോടി രൂപ
ബാധ്യതകൾ - 3.22 കോടി രൂപ
2018
ജംഗമ - 94.36 ലക്ഷം
സ്ഥാവര - 4.47 കോടി
ബാധ്യതകൾ - 1.09 കോടി
വി സുനിൽ കുമാർ
2023
ജംഗമ ആസ്തി - 1.59 കോടി (ഭാര്യ 1.42 കോടി)
സ്ഥാവര - 4.03 കോടി രൂപ
ബാധ്യതകൾ - 45.15 ലക്ഷം
2018
ജംഗമ - 53.27 ലക്ഷം (62.29 ലക്ഷം)
സ്ഥാവര - 1.68 കോടി രൂപ
ബാധ്യതകൾ - 69.43 ലക്ഷം
എസ് ടി സോമശേഖർ
2023
ജംഗമ ആസ്തി - 5.46 കോടി
സ്ഥാവര - 8.91 കോടി രൂപ
ബാധ്യതകൾ - 1.22 കോടി രൂപ
2018
ജംഗമ - 67.83 ലക്ഷം
സ്ഥാവര - 8.14 കോടി രൂപ
ബാധ്യതകൾ - 92 ലക്ഷം രൂപ












Click it and Unblock the Notifications