കര്‍ണാടക സ്വദേശിയുടെ കൊല: ചത്തീസ്ഗഡ് സ്വദേശികളായ രണ്ടുപേര്‍ വലയിലായതായി സൂചന
കാസര്‍കോട്: പെര്‍ളക്ക് സമീപം കാട്ടുകുക്കെയില്‍ താമസിക്കുകയായിരുന്ന കര്‍ണാടക സ്വദേശി ശരണപ്പ(26)യെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ വലയിലായതായി സൂചന. ചത്തീസ്ഗഡ് സ്വദേശികളാണ് വലയിലായതെന്ന് അറിയുന്നു. ഡിസംബര്‍ 30നാണ് ശരണപ്പയുടെ മൃതദേഹം പെര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കളും കൂടെ ജോലിചെയ്യുന്നവരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരിയാരത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശരണപ്പയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.

ഒടുവിലാണ് കൊല സംബന്ധിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. താമസസ്ഥലത്തുണ്ടായ തര്‍ക്കമാണ് ശരണപ്പയെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശാസ്ത്രീയ പരിശോധനാ ഫലം പൂര്‍ത്തിയായ ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണറിയുന്നത്












Click it and Unblock the Notifications