ജയിച്ച എംഎൽഎമാരിൽ കോൺഗ്രസ്സിന് വിശ്വാമില്ല: റിസോർട്ട് രാഷ്ട്രീയം തുടരുന്നുവെന്നും എംവി ജയരാജന്‍
കർണാടകയിലെ കോണ്‍ഗ്രസ് വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തരമന്ത്രിയുടെയും അഹന്തക്കേറ്റ തിരിച്ചടിയാണെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. മുസ്ലീം, ക്രിസ്ത്യൻ ദളിത് വിരുദ്ധത മാത്രം കൈമുതലാക്കിയ രാഷ്ട്രീയത്തെ ദക്ഷിണേന്ത്യയിൽ വാഴിക്കില്ലെന്നാണ് ജനങ്ങൾ വിധിയെഴുതിയത്. കോർപ്പറേറ്റ് അനുകൂല ജനങ്ങൾ നടപ്പിലാക്കുന്ന ജനവിരുദ്ധ ബി ജെ പി ഭരണത്തെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. എംവി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ബിജെപിയുടെ എക്കൗണ്ട് ക്ലോസ് ചെയ്ത ദക്ഷിണേന്ത്യ
ബി ജെ പിയെ ഭരണത്തിൽ നിന്ന് പുറത്താക്കിയ കർണ്ണാടകയിലെ ജനങ്ങളെ ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അഹന്തക്കേറ്റ തിരിച്ചടിയാണിത്. ഹിജാബ് ധരിച്ച പെൺകുട്ടികളെ ക്ലാസ്സുകളിൽ നിന്ന് പുറത്താക്കിയും സംഘപരിവാർ ക്രിമിനലുകളെ വിട്ട് ആക്രമിച്ചും സദാചാര പോലീസ് ചമഞ്ഞ് ന്യൂനപക്ഷങ്ങളെ വേട്ടയാടിയും നടത്തിയ ഭരണത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. മുസ്ലീം, ക്രിസ്ത്യൻ ദളിത് വിരുദ്ധത മാത്രം കൈമുതലാക്കിയ രാഷ്ട്രീയത്തെ ദക്ഷിണേന്ത്യയിൽ വാഴിക്കില്ലെന്നാണ് ജനങ്ങൾ വിധിയെഴുതിയത്.

കോർപ്പറേറ്റ് അനുകൂല ജനങ്ങൾ നടപ്പിലാക്കുന്ന ജനവിരുദ്ധ ബിജെപി ഭരണത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. അഞ്ച് വർഷം മുമ്പു നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നോട്ടിന്റെ കെട്ടുകൾ എം എൽ എ മാർക്ക് നൽകിയപ്പോൾ പ്ലാവില കണ്ട ആട്ടിൻകൂട്ടങ്ങളെപ്പോലെ അവർ ബി ജെ പിയിലേക്ക് കാലുമാറി. അങ്ങനെയാണ് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയത്. ജനാധിപത്യമല്ല, പണാധിപത്യമാണത്.
കർണ്ണാടകയിൽ ഭരണം കിട്ടിയതിന് കോൺഗ്രസ്സുകാർ ഉറഞ്ഞുതുള്ളുന്നുണ്ട്. 9 സംസ്ഥാനങ്ങളിൽ ഇതിന് മുമ്പ് ഭൂരിപക്ഷം അനുസരിച്ച് കോൺഗ്രസ്സിന് ഭരിക്കാൻ കഴിയേണ്ടതായിരുന്നു. കൈപ്പത്തിയിൽ നോട്ടുകെട്ടുകൾ എത്തിയപ്പോഴാണ് അക്കൂട്ടർ ബിജെപിയിലേക്ക് എത്തിയത്. ഇന്നിപ്പോൾ ആ സംസ്ഥാനങ്ങൾ ബിജെപിയാണ് ഭരിക്കുന്നത്.
ജയിച്ച എം എൽ എമാരിൽ കോൺഗ്രസ്സിന് വിശ്വാമില്ലാത്തതിനാലാണ് റിസോർട്ടിൽ പാർപ്പിക്കുന്നത്. ജനവിധി അംഗീകരിക്കുമ്പോൾ തന്നെ ജയിച്ച എം എൽ എ.മാരെ സ്വന്തം പാർട്ടിയിൽ നിലനിർത്താൻ കോൺഗ്രസ്സിന് കഴിയുമോ എന്ന ചോദ്യം കഴിഞ്ഞ കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്നുവരികയാണ്. അഞ്ചുവർഷവും പാർട്ടി ടിക്കറ്റിൽ ജയിച്ച എം എൽ മാരെ കോൺഗ്രസ്സിനോടൊപ്പം നിർത്താനുള്ള വഴിയന്വേഷിക്കൂ. എന്നിട്ടുമതി ആഹ്ലാദ പ്രകടനം!












Click it and Unblock the Notifications