പഠിക്കുമ്പോള്‍ സഹപാഠിയില്‍ നിന്ന് പണം തട്ടി; കാര്‍ത്തികയുടെ എംബിബിഎസ് പൂര്‍ത്തിയായിട്ടില്ല? വൈറലായി ഓഡിയോ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി' ഉടമയും പത്തനംതിട്ട സ്വദേശിയുമായ കാര്‍ത്തിക പ്രദീപ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിട്ടില്ല എന്ന് റിപ്പോര്‍ട്ട്. യുക്രെയ്‌നില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട് പറഞ്ഞാണു കാര്‍ത്തിക ഇരകളെ സമീപിച്ചിരുന്നത്.
ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലും ഡോക്ടര്‍ എന്ന് ചേര്‍ത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് എംബിബിഎസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് പൊലീസ് പറയുന്നത്. മലയാളിയായ സഹപാഠിയില്‍ നിന്നു പണം തട്ടിയ കേസിനെ തുടര്‍ന്ന് യുക്രെയ്‌നിലെ പഠനം പൂര്‍ത്തിയാക്കാതെയാണ് കാര്‍ത്തിക മടങ്ങിയത് എന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

25 കാരിയായ കാര്‍ത്തികയെ യു കെയില്‍ ജോലി വാഗ്ദാനം ചെയ്തു തൃശൂര്‍ കാറളം വെള്ളാനി സ്വദേശിനിയില്‍ നിന്ന് 5.23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് കാര്‍ത്തിക സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്ന് പൊലീസിന് വ്യക്തമാകുന്നത്. സംസ്ഥാനത്തെ പത്ത് ജില്ലകളിലെങ്കിലും കാര്‍ത്തികയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ കാര്‍ത്തികയെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. തൃശൂര്‍ സ്വദേശിനിക്ക് യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 2024 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 5.23 ലക്ഷം രൂപ കാര്‍ത്തിക വാങ്ങിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും വിസ ലഭിക്കാതായതോടെ യുവതി പരാതി നല്‍കുകയായിരുന്നു.
യുകെ, യുക്രെയ്ന്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരകളെ കണ്ടെത്തിയത്. അതിനിടെ കാര്‍ത്തികയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. 'എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ, അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്' എന്ന ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്.
പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക കൊച്ചി പുല്ലേപ്പടിക്ക് സമീപമാണ് 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' എന്ന സ്ഥാപനം നടത്തിയിരുന്നത്. ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് കാര്‍ത്തിക പ്രദീപ് ഇരകളുമായി പരിചയം സ്ഥാപിച്ചിരുന്നത്. കാര്‍ത്തികയുടെ പരസ്യം കണ്ട് വിശ്വസിച്ച് വരുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് മൂന്ന് മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്.












Click it and Unblock the Notifications