എസി മൊയ്തീന്റെ എഫ്ഡി അക്കൗണ്ട് മരവിപ്പിച്ച് ഇഡി: ഏത് അന്വേഷണവുമായി സഹകരിക്കുമെന്ന് എംഎല്‍എ
തൃശ്ശൂർ: സിപിഎം സംസ്ഥാന സമിതി അംഗമായ എസി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടിലെ ഇഡി റെയിഡ് 22 മണിക്കൂറുകള്‍ക്ക് ശേഷം അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ആരംഭിച്ച റെയിഡ് അവസാനിപ്പിച്ച് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു എസി മൊയ്തീന്റെ വീട്ടിലെ റെയിഡ്.
കേസില്‍ അറസ്റ്റിലായവരുടെ മൊഴിയത്തുടര്‍ന്നായിരുന്നു മുന്‍മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. എസി മൊയ്തീന്‍ സഹകരണ വകുപ്പ് മന്ത്രിയായിരിക്കെയാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് ഏറ്റവും രൂക്ഷമായത്. 2018 വരെയായിരുന്നു മൊയ്തീന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്നത്. ഇതിനുമുമ്പേതന്നെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ട് സഹകരണ രജിസ്ട്രാര്‍മാരായിരുന്നവര്‍ മന്ത്രിക്ക് നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നാണ് ആരോപണം.

തെളിവെടുപ്പിനായി ഇഡി ഉദ്യോഗസ്ഥർ വിളിപ്പിച്ച ബാങ്കിലെ മുന്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എം.വി. സുരേഷ് മൊയ്തീനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറിയിരുന്നു. ഈ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ റെയിഡ്. പരിശോധനയ്ക്ക് പിന്നാലെ എസി മൊയ്തീന്റെ 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം(എഫ്.ഡി.) മരവിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഈ തുക കണക്കില്‍പ്പെടാത്തതാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. എംഎല്‍എയുടെ വീടിന് പുറമെ വീ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലും റെയിഡ് നടന്നു. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തിലുള്ളവരാണെന്ന് ഇഡി അന്വേഷണസംഘം പറയുന്നു.
അതേസമയം, വീട്ടില്‍നിന്ന് യാതൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എസി മൊയ്തീന്‍ എംഎല്‍എ വ്യക്തമാക്കി. ഏത് അന്വേഷണവുമായി സഹകരിക്കും. വീട്ടിലെത്തിയ ഇഡി ഉദ്യോഗസ്ഥർ എല്ലാ സ്ഥലവും പരിശോധിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭാര്യയുടേയും മകളുടേയും പേരിലുള്ള വസ്തുവിന്റെ വിവരങ്ങളടക്കം അവര്‍ പരിശോധിച്ചെന്നും എംഎല്‍എ വ്യക്തമാക്കി.
പുസ്തകങ്ങള്‍ വെച്ച റാക്കില്‍പ്പോലും എന്തെങ്കിലുമുണ്ടോ എന്നതരത്തില്‍ സൂക്ഷ്മതയുള്ള പരിശോധനയായിരുന്നു വീട്ടില്‍ നടന്നത്. പരിശോധന നടത്തുന്നതില്‍ യാതൊരു പ്രശ്നവുമില്ല. പരിശോധന നടത്തിയതിന്റെ സ്‌റ്റേറ്റ്‌മെന്റ് തന്ന് അവര്‍ മടങ്ങിയെന്നും മുന്‍ മന്ത്രി കൂട്ടിച്ചേർത്തു. സായുധസേനയുമായിട്ടായിരുന്നു വടക്കാഞ്ചേരി തെക്കുംകരയിലെ എസി മൊയ്തീന്റെ വീട്ടിലേക്ക് കൊച്ചിയില്‍ നിന്നുള്ള പന്ത്രണ്ട് അംഗ ഇഡി സംഘം പരിശോധനയ്ക്കായി എത്തിയത്.












Click it and Unblock the Notifications