'കരുവന്നൂരില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?'; ഇഡിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡിക്ക് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം. സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതിലാണ് കോടതിയുടെ വിമര്‍ശനം. ഈ കേസില്‍ എന്താണ് ഇ ഡി ചെയ്യുന്നത് എന്നും അന്വേഷണം മന്ദഗതിയാലകരുത് എന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം.
തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. അലി സാബ്രിയുെട കേസുമായി ബന്ധപ്പെട്ട് ഇ ഡി വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഹാജരാക്കണം എന്നും അന്വേഷണ ഏജന്‍സിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് തെളിവുണ്ടെന്നുമാണ് ഇ ഡിയുടെ നിലപാട്. അതേസമയം അന്വേഷണത്തിനിടയിലെ കോടതി ഇടപെടലുകള്‍ വേഗം കുറയ്ക്കുന്നതായി ഇ ഡി അറിയിച്ചു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നതില്‍ കോടതി ഇടപെടലുണ്ടായി എന്നും രജിസ്ട്രാര്‍ കോടതിയെ സമീപിച്ച് സമന്‍സില്‍ സ്റ്റേ നേടി എന്നും ഇ ഡി ചൂണ്ടിക്കാട്ടി.
അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ് എന്നും നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ട് എന്നും ഇ ഡി വ്യക്തമാക്കി. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇ ഡി അറിയിച്ചു.
ഇവര്‍ക്കും സമന്‍സ് അയയ്ക്കാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല എന്നും നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത് എന്നും കോടതി ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ക്ക് എന്ത് ഉറപ്പ് കൊടുക്കും എന്ന് കോടതി ഇ ഡിയോട് ആരാഞ്ഞു. ഒരു അന്വേഷണ ഏജന്‍സി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ്.
അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. പരാതിക്കാരനായ അലി സാബ്രിക്കെതിരെ ഗുരുതരമായ കേസാണുള്ളതെന്നാണ് ഇ ഡി പറയുന്നത്. അലി സാബ്രിക്ക് സ്വന്തം പേരിലും കുടുംബക്കാരുടെയും മറ്റുള്ളവരുടെയും പേരിലുമായി 6.60 കോടി രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയായി ലഭിച്ചിട്ടുള്ളത് എന്നാണ് ഇ ഡി പറയുന്നു.












Click it and Unblock the Notifications