കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മൊയ്തീനെതിരെ മൊഴി നല്‍കിയത് സഖാക്കള്‍ തന്നെ!? തട്ടിപ്പ് അറിഞ്ഞിട്ടും അനങ്ങിയില്ല
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ സി മൊയ്തീന്‍ എം എല്‍ എയ്‌ക്കെതിരെ മൊഴി നല്‍കിയത് കൂടെയുള്ളവര്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്കില്‍ മൊയ്തീന്റെ ആവശ്യപ്രകാരം നടത്തിയെന്നു പറയുന്ന ഇടപാടുകളെക്കുറിച്ചു ബിനാമികളേക്കാള്‍ മുന്‍പ് ഇ ഡിയോട് പറഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്.
ഇടപാടില്‍ കണ്ണൂരിലെ പ്രമുഖ നേതാവിന്റെ ഇടപെടലിനെ കുറിച്ചു സൂചന നല്‍കിയതും ഇവരാണ് എന്നാണ് പറയുന്നത്. ബിനാമികളുമായി മൊയ്തീനുമായുള്ള ബന്ധം ഇവരുടെ മൊഴിയിലൂടെ ഇ ഡി ഉറപ്പാക്കിയിട്ടുണ്ട്. അതിനിടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെയും ഇ ഡി ചോദ്യം ചെയ്തു. ചന്ദ്രനെ നേരത്തെ സി പി എം സസ്‌പെന്റ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു.

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ചന്ദ്രന്‍ ഉള്‍പ്പെട്ടിരുന്നില്ല. എ സി മൊയ്തീന്‍ സി പി എം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ചന്ദ്രനായിരുന്നു ബാങ്കിന്റെ ചുമതല. തട്ടിപ്പിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ മൊയ്തീന്റെ ബന്ധുവാണെന്ന ആരോപണവുമുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് പേരുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചാണു ബാങ്ക് ഡയറക്ടര്‍മാരായ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇ ഡിയ്ക്ക് മൊഴി നല്‍കിയത് എന്നാണ് വിവരം.
തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ പാര്‍ട്ടിക്കും മൊയ്തീനും വിവരം കിട്ടിയിട്ടും എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്നതാണ് പ്രധാന ചോദ്യം. ബാങ്കിന് പുറത്തുള്ളവര്‍ക്ക് പണം നല്‍കിയതും ഓഹരി ഉടമകള്‍ അറിയാതെ അവരുടെ പേരില്‍ സി പി എം നേതാക്കള്‍ വായ്പ കൊടുത്തതുമെല്ലാം പാര്‍ട്ടിക്ക് ഇതേക്കുറിച്ച് അറിവു കിട്ടിയ ശേഷമാണ് എന്നാണ് പ്രാദേശിക നേതാക്കള്‍ തന്നെ പറയുന്നത്.
സംഗതി വിവാദമായതോടെ പ്രാദേശിക നേതാക്കളുടെ മേല്‍ കുറ്റം ചാരി അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. അതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ പി സതീഷ് കുമാറിനേയും പി പി കിരണിനേയും നാലു് ദിവസം ഇ ഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി അറസ്റ്റിലായ ഇരുവരെയും ചൊവ്വാഴ്ച വൈകീട്ടോടെ കലൂരിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
എ സി മൊയ്തീന്‍ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകണം എന്നാവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ നാല് എന്നീ തീയതികളില്‍ ഹാജരാകാന്‍ മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹാജരാകേണ്ട എന്നായിരുന്നു സി പി എം നേതൃത്വത്തിന്റ നിര്‍ദേശം.












Click it and Unblock the Notifications