കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ആദ്യഘട്ട കുറ്റപത്രത്തിൽ ഇ ഡി
തൃശൃർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില് ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ച് ഇ ഡി. കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാടാണെന്ന് ഇ ഡി കുറ്റപത്രത്തിൽ പറയുന്നു. 12000 പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും 5 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. എ കെ ബിജോയ് ആണ് കേസിലെ ഒന്നാം പ്രതി.
ക്രൈം ബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ള 1 മുതൽ 12 വരെയുള്ള പ്രതികളാണ് ഇ ഡിയുടെ കുറ്റപത്രത്തിലും. സതീഷ് കുമാറാണ് 13ാം പ്രതി. സി പി എം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനാണ്സ 14ാം പ്രതി. ഉന്നത ബന്ധങ്ങളും ഉന്നത ഇടപെടലും നടന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം തുടരുന്നതായി ഇ ഡി വ്യക്തമാക്കുന്നു.

ഒന്നാം പ്രതി ബിജോയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റാെരു പ്രതിയായ പി പി കിരണിന്റെ ഉടമസ്ഥതയിൽ 2 കമ്പനികളുമാണ് കുറ്റപത്രത്തിൽ ഇ ഡി വ്യക്തമാക്കിയിട്ടുള്ള 5 കമ്പനികൾ. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കേരള പോലീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടന്നത്.
കേസ് അന്വേഷണത്തിനിടെ ഇതിവരെ 87.75 കോടിയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ പങ്കാളിയായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റ് സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.












Click it and Unblock the Notifications