കാസർകോട് മുതൽ തിരുവനന്തപുരം വേഗത്തിൽ കുതിക്കാൻ അധികനാൾ കാത്തിരിക്കേണ്ട;എൻഎച്ച് 66 പ്രവൃത്തി അവസാന ഘട്ടത്തിൽ
സംസ്ഥാനത്ത് ദേശീയപാത 66-ന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനോടകം തന്നെ 492.64 കിലോമീറ്റർ ദൂരം ആറുവരി പാതയായി വികസിപ്പിച്ച് ഗതാഗതത്തിനായി തുറന്ന് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യുടെ മേൽനോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.
ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നിരവധി സ്ഥലങ്ങളിൽ തകരാറുകൾ കണ്ടെത്തിയിരുന്നു. ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കി ദേശീയപാത പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്ര ഗതാഗത മന്ത്രിയോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഒരു വിദഗ്ധ സമിതി പാതകൾ പരിശോധിക്കുകയും മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. കഴഞ്ഞ വർഷം ഡിസംബർ 5-ന് കൊല്ലം-കടമ്പാട്ടുകോണം NH-66 ഭാഗത്തെ മൈലക്കാട് (കൊട്ടിയം) മേഖലയിൽ നിർമ്മാണത്തിലെ പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ പ്രവൃത്തിയുടെ ഗുണമേന്മയിലും സുരക്ഷയിലും വിട്ടുവീഴ്ച പാടില്ലെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു.
ഇതിനെത്തുടർന്ന്, സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയപാത 66-ന്റെ 17 ഭാഗങ്ങളിൽ (പൂർത്തീകരിച്ചതും നിർമ്മാണത്തിലുള്ളതും) വിദഗ്ധ പരിശോധനകൾ നടത്താൻ 10 ഏജൻസികളെ നിയമിച്ചതായി എൻ എച്ച് എ ഐ അറിയിച്ചു.. 'റീഇൻഫോഴ്സ്ഡ് സോയിൽ (RS) മതിൽ' ഉൾപ്പെടെയുള്ള എല്ലാ നിർമ്മിതികളും ഉൾപ്പെടുത്തി, മണ്ണ് പരിശോധന അടക്കമുള്ള ലബോറട്ടറി ടെസ്റ്റുകൾക്കായി ഒരു സമഗ്ര ഭൗമ സാങ്കേതിക പഠന പരിപാടിക്ക് ഈ ഏജൻസികളുടെ മേൽനോട്ടത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്.
വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾ, ഭൗമ സാങ്കേതിക പഠന റിപ്പോർട്ടുകൾ, സാമൂഹിക പരിഗണനകൾ എന്നിവ സംയുക്തമായി വിലയിരുത്തിയ ശേഷം 'റീഇൻഫോഴ്സ്ഡ് സോയിൽ (RS) മതിലുകൾ' പുനഃപരിശോധിക്കാൻ എൻഎച്ച്എഐ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ ശക്തിപ്പെടുത്തൽ, പുനർരൂപകൽപ്പന, പൊളിച്ചുനീക്കൽ, മേൽപ്പാലങ്ങൾ നിർമ്മിക്കൽ എന്നിവയെക്കുറിച്ച് പരിഗണിക്കുമെന്നും എൻ എച്ച് എ ഐ അറിയിച്ചിട്ടുണ്ട്. റോഡിന്റെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരും സജീവമായി ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ദേശീയപാത 66 (NH-66) നിർമാണം 2026 ഓഗസ്റ്റ് 31-നകം പൂർത്തിയാകുമെന്നാണ് കേന്ദ്ര ഗതാഗതി മന്ത്രി നിതിൻ ഗഡ്ഗരി അറിയിച്ചത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 422.835 കിലോമീറ്ററാണ് ഈ പദ്ധതി. അവസാനമായി പൂർത്തിയാകേണ്ടത് അഴിയൂർ-വെങ്കലം റീച്ചായിരിക്കും.40.11 കിലോമീറ്റർ വരുന്ന നീലേശ്വരം-തളിപ്പറമ്പ് റീച്ചാണ് (83.6%) ഏറ്റവും കൂടുതൽ പുരോഗതി നേടിയത്.കാപ്പരിക്കാട്-തളിക്കുളം റീച്ചിൽ (33.17 കി.മീ) 83.1% ജോലികളും, ചെങ്കൽ-നീലേശ്വരം ഭാഗത്ത് (37.27 കി.മീ) 82.7% ജോലികളും പൂർത്തിയായി.
തലശ്ശേരി-മാഹി ബൈപാസിൻ്റെ നിർമാണം വളരെ മന്ദഗതിയിലാണ്, 14 ശതമാനം മാത്രമാണ് പൂർത്തിയായത്. അണ്ടർപാസ്, സർവീസ് റോഡ്, തെരുവ് വിളക്കുകൾ എന്നിവ ഉൾപ്പെട്ട ജോലികളാണിവ.സംരക്ഷണഭിത്തി തകർന്ന കടമ്പാട്ടുകോണം-കഴക്കൂട്ടം റീച്ചിലെ 44.3 ശതമാനം ജോലികളും, നാല് ബ്ലാക്ക് സ്പോട്ടുകളിലെ ചെറിയ പ്രവൃത്തികൾ 24.1 ശതമാനവും പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു.












Click it and Unblock the Notifications