ചെകുത്താനെ പോലെ ലോറി ഓട്ടോയ്ക്ക് നേരെ പാഞ്ഞു; കണ്ണടച്ചു തുറക്കും മുമ്പെ ദുരന്തം വിതച്ചു
പൊയിനാച്ചി: വാഹനാപകട വാര്‍ത്തയുടെ ഞെട്ടലോടെയാണ് പൊയിനാച്ചി ഇന്ന് ഉണര്‍ന്നത്. നിരവധി അപകടങ്ങള്‍ പെരിയക്കും ചട്ടഞ്ചാലിനുമിടയില്‍ പുലര്‍കാലങ്ങളില്‍ സംഭവിക്കുന്നുണ്ട്. ദീര്‍ഘദൂര ലോറികളാണ് അധികവും അപകടമുണ്ടാക്കുന്നത്. വിശ്രമമില്ലായ്മയും ഉറക്കം തൂങ്ങിയുള്ള ഓട്ടവുമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തിനും ഇത് തന്നെയാണ് കാരണമെന്നാണ് സംശയിക്കുന്നത്. ഓട്ടോ സാധാരണ വേഗത്തിലായിരുന്നു. പൊയിനാച്ചി ടൗണിനടുത്തെത്താറായപ്പോള്‍ ഒരു ലോറി ഓട്ടോയ്ക്ക് നേരെ പാഞ്ഞുവരുന്നതാണ് ഡ്രൈവര്‍ കണ്ടത്.
പിന്നീട് എന്തു സംഭവിച്ചുവെന്ന് ഓര്‍മ്മയില്ല. കണ്ണടച്ച് തുറക്കാവുന്ന സമയത്തിനകം ദുരന്തം സംഭവിച്ചിരുന്നു. ഡ്രൈവര്‍ അബ്ദുല്‍ഖാദറിനെ മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും മൂക്കിനും പരിക്കേറ്റിട്ടുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കാല്‍ പാദത്തിനും പരിക്കുണ്ട്. പുലര്‍ച്ചെ 3.15നാണ് അബ്ദുല്‍ ഖാദര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പുല്ലൂര്‍ വരെ കുടുംബത്തെ എത്തിക്കാനായിരുന്നു ഓട്ടം.

പൊയിനാച്ചി വളവില്‍ അപകടം കൂടി വരുന്നതിനാല്‍ അടുത്തിടെ വീതി കൂട്ടിയിരുന്നു. എന്നാല്‍ അതും ഫലം കണ്ടില്ലെന്നാണ് ഇന്നത്തെ അപകടത്തില്‍ നിന്ന് വ്യക്തമാകുന്നത്. ദീര്‍ഘദൂര ലോറികള്‍ അപകടത്തില്‍പെടുന്നത് ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഒന്നില്‍ കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിച്ചാല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളു












Click it and Unblock the Notifications