അറസ്റ്റിന് വഴങ്ങില്ല; ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിന്
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കും. ജയരാജന്‍ അറസ്റ്റിന് വഴങ്ങേണ്ടെന്നും ജാമ്യത്തിന് ശ്രമിക്കണമെന്നും കണ്ണൂര്‍ ജില്ലാക്കമ്മറ്റിയാണ് തീരുമാനിച്ചത്. ഇതേതുടര്‍ന്ന് അടുത്തദിവസം തന്നെ ജയരാജന്‍ കോടതിയില്‍ അപേക്ഷ നല്‍കും.
നേരത്തെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസില്‍ പ്രതിയല്ലെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഇതിന് പിന്നാലെ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കുകയും ചെയ്തു. കേസില്‍ പ്രതിയായതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ കോടതി സ്വീകരിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. അതുകൊണ്ടുതന്നെ ജയരാജന്റെ വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകം നടന്നതെന്ന് സിബിഐ പറയുന്നു. അതേസമയം, ജയരാജനെ കേസുമായി ബന്ധിപ്പിക്കാന്‍ മറ്റുതെളിവുകളൊന്നും സിബിഐയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ജയരാജനെതിരായ തെളിവുകള്‍ കോടതിക്ക് മുമ്പാകെ സിബിഐയ്ക്ക് സമര്‍പ്പിക്കേണ്ടതായിവരും. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സിപിഎമ്മിനെ അത് പ്രതിരോധത്തിലാക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയരാജന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണ് സിപിഎമ്മിന് കണ്ണൂരില്‍ മികച്ച വിജയം നേടിക്കൊടുത്തത്.












Click it and Unblock the Notifications