കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത സാബുവിന്റെ അമ്മ മരിച്ചു, പണം തിരികെ നല്‍കി സൊസൈറ്റി
ഇടുക്കി: കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ മുന്നില്‍ ആത്മഹത്യചെയ്ത നിക്ഷേപകന്‍ സാബു തോമസിന്റെ അമ്മ പള്ളിക്കല മുളങ്ങാശേരില്‍ ത്രേസ്യാമ്മ (90) മരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ഒന്നര വര്‍ഷമായി സ്ട്രോക്ക് വന്നു കിടപ്പിലായിരുന്നു. അമ്മയുടേയും ഭാര്യയുടേയും ചികിത്സയ്ക്ക് വേണ്ടിയായിരുന്നു സാബു നിക്ഷേപത്തുക തിരികെ ചോദിച്ചത്.
ഇന്ന് വൈകിട്ട് നാലിന് സെന്റ് ജോര്‍ജ് പള്ളിയില്‍ വെച്ചാണ് ത്രേസ്യാമ്മയുടെ സംസ്‌കാരം. അതേസമയം നിക്ഷേപത്തുകയായ 15 ലക്ഷം (14,59,940 രൂപ) കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി സാബുവിന്റെ കുടുംബത്തിന് തിരികെ നല്‍കി. ഇന്നലെയാണ് ബാങ്ക് അധികൃതര്‍ പണം കൈമാറിയിരിക്കുന്നത്. ഈ പണം തിരികെ ചോദിച്ചതിന് സാബുവിനെ ഉദ്യോഗസ്ഥര്‍ അപമാനിച്ചിരുന്നു.

ഇതില്‍ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. പണം നേരത്തെ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നെങ്കില്‍ സാബുവിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. നിക്ഷേപ തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായിരുന്നു സാബു ആവശ്യപ്പെട്ടത്. അമ്മയെും അച്ഛനെയും വീട്ടില്‍ തനിച്ചാക്കിയിട്ടാണ് പലപ്പോഴും ബാങ്കില്‍ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞിരുന്നു.
സാബുവിന്റെ അച്ഛനും വാര്‍ധക്യ സഹജമായ അവശതകള്‍ നേരിടുന്നുണ്ട്. അതേസമയം സാബുവിനെ അധിക്ഷേപിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണി രംഗത്തെത്തി. സാബുവിന്റെ ആത്മഹത്യ സിപിഎമ്മിന്റെ തലയില്‍ വെയ്ക്കേണ്ടെന്നും അദ്ദേഹത്തിന് വല്ല മാനസികപ്രശ്നവുമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കണമെന്നും ആയിരുന്നു മണിയുടെ പ്രതികരണം.
കട്ടപ്പനയില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ട. സാബുവിന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ആരില്‍ നിന്നും ഉണ്ടായിട്ടില്ല,' മണി പറഞ്ഞു. സിപിഎമ്മിനോ എല്‍ഡിഎഫിനോ സാബുവിന്റെ ആത്മഹത്യയില്‍ പങ്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാബുവിന്റെ കുടുംബത്തിന് സഹായങ്ങള്‍ ചെയ്യാന്‍ ബാങ്കും സിപിഎമ്മും സന്നദ്ധമാണ് എന്നും അതുകൊണ്ട് ഈ പാപം തങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് വല്ല മാനസികപ്രശ്നവുമുണ്ടോ, അതിന് വല്ല ചികിത്സയും നടത്തിയിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കപ്പെടണം എന്നും മണി ആവശ്യപ്പെട്ടു. ഡിസംബര്‍ 20 നാണ് സാബു തോമസ് ജീവനൊടുക്കിയത്.
സാബുവിന്റെ ആത്മഹത്യക്കുറിപ്പില്‍ സൊസൈറ്റി സെക്രട്ടറിയടക്കമുള്ളവരുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു. ആരോപണ വിധേയരായ ജീവനക്കാര്‍ക്കെതിരെ സൊസൈറ്റി ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.












Click it and Unblock the Notifications