കവിയൂർ പൊന്നമ്മ അന്തരിച്ചു; മലയാളത്തിന്റെ പ്രിയപ്പെട്ട 'അമ്മ നടി'ക്ക് വിട
കൊച്ചി: മുതിർന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളാല്‍ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരുന്നില്ല. വടക്കന്‍ പറവൂരിലെ കരിമാളൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതം നയിക്കവെ കഴിഞ്ഞ ദിവസം ആരോഗ്യ നില ഗുരതരമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട 'അമ്മ നടി'യായി അറിയപ്പെടുന്ന കവിയൂർ പൊന്നമ്മ നാടകത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തോപ്പില്‍ ഭാസിയുടെ മൂലധനം അടക്കമുള്ള നാടകങ്ങളില്‍ അഭിനയിച്ച താരം പിന്നീട് കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി വേഷമിട്ടുകൊണ്ട് ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചു. 20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് തുടക്കം കുറിച്ച പാരമ്പര്യം കൂടിയുള്ള അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ.
നാനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കവിയൂർ പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1971,1972,1973 1994 വർഷങ്ങളിലായിരുന്നു പുരസ്കാര നേട്ടം. കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം എന്ന് പറയുമ്പോള്‍ ഏവരുടെ മനസ്സിലേക്കും ആദ്യം വരിക മോഹന്‍ലാല്‍-കവിയൂർ പൊന്നമ്മ കൂട്ടുകെട്ടാണ്. കരിമ്പിൻ പൂവിനക്കരെ (1985), അദ്ധ്യായം ഒന്ന് മുതൽ (1985), നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), ഇനിയും കുരുഷേത്രം (1986), മനസിലൊരു മണിമുത്ത് (1986), ഇരുപതാം നൂറ്റാണ്ട് (1987), കിരീടം (1989), അധിപൻ (1989), വന്ദനം (1989),
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ (1989), കടത്തനാടൻ അമ്പാടി (1990), ഭരതം (1991), ഉള്ളടക്കം (1991), കിഴക്കുണരും പക്ഷി (1991), ധനം (1991), വിയറ്റ്നാം കോളനി (1992), ചെങ്കോൽ (1993), ഗാന്ധർവ്വം (1993) മായമയൂരം (1993), ഹരിഹരൻപിള്ള ഹാപ്പിയാണ് (2003) Mr ബ്രഹ്മചാരി (2003),വിസ്മയതുമ്പത്ത് (2004), മാമ്പഴക്കാലം (2004), നാട്ടുരാജാവ് (2004) വടക്കും നാഥൻ (2006), ഇവിടം സ്വർഗമാണ് (2009) തുടങ്ങിയ സിനിമകളിലാണ് മോഹന്‍ലാല്‍ കവിയൂർ പൊന്നമ്മയുടെ മകനായി അഭിനയിച്ചിട്ടുള്ളത്.
അതേസമയം തന്നെ കവിയൂർ പൊന്നമ്മയുടേയും മമ്മൂട്ടിയുടേയും അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ സൃഷ്ടിയായിരുന്നു തനിയാവർത്തനം. വാത്സ്യത്തിലെ അമ്മ-മകന്‍ ബന്ധവും ഏറെ ശ്രദ്ധിക്കപ്പെട്ടതും വേറിട്ട് നില്‍ക്കുന്നതുമായിരുന്നു. ആണും പെണ്ണും എന്ന ആന്തോളജിയില്‍ ആഷിഖ് അബു ഒരുക്കിയ റാണിയില്‍ ആണ് കവിയൂർ പൊന്നമ്മ ഏറ്റവും അവസാനമായി അഭിനയിച്ചത്.
നിര്‍മാതാവായ മണിസ്വാമിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ഭർത്താവ്. അദ്ദഹം 2011 ല്‍ അന്തരിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ് താമസം.












Click it and Unblock the Notifications