കാവ്യ പറഞ്ഞത് നുണ,ദിലീപിനും കുരുക്ക്...തെളിവുകൾ നിരത്തി ക്രൈംബ്രാഞ്ച്.. അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ല
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം മെയ് 31 ന് അവസാനിക്കുകയാണ്. എന്നാൽ അന്വേഷണം പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ വീണ്ടും മൂന്ന് മാസം കൂടി നീട്ടി ചോദിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. അതേസമയം കേസിൽ പല നിർണായക കണ്ടെത്തലുകളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഹൈക്കോടതി നൽകിയ സമയപരിധിക്കുള്ളിൽ തന്നെ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കത്തിലായിരുന്നു നേരത്തേ ക്രൈംബ്രാഞ്ച്. ഇതിനിടയിൽ കേസിൽ അട്ടിമറി ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് കൂടുതൽ സമയം തേടാൻ ക്രൈംബ്രാഞ്ചിന് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസം കൂടി സമയം നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടിയ സാഹചര്യത്തിൽ തുടരന്വേഷണത്തിലെ അന്തിമ റിപ്പോർട്ട് ഇന്ന് വിചാരണ കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിക്കില്ല. നാളെ കേസ് വിചാരണ കോടതി പരിഗണിക്കും. കൂടുതൽ സമയം തേടിയ കാര്യം അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.

നിരവധി തെളിവുകളാണ് തുടരന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരിക്കുന്നത്. നടി ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്നതാണ് ഇതിൽ ഏറ്റവും നിർണായകം. ദൃശ്യങ്ങളുടെ ഒറിജിനലോ, പകർപ്പോ ദിലീപിന്റെ കൈവശം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നുമാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനിന്റേയും കൃത്യമായ വിവരണങ്ങൾ അടങ്ങിയ നോട്ട് അനൂപിന്റെ ഫോണിൽ നിന്നും സൈബർ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ കാണാതെ ഇതൊരിക്കലും സാധ്യമാകില്ലെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ അഭിഭാഷകരുടെ ഓഫീസിൽ നിന്നും കണ്ട ഫോട്ടോകളിൽ കണ്ടാണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയതെന്നാണ് അനൂപ് നൽകിയ മൊഴി.
അനുശ്രീയല്ല..ഇത് ചുമ്മാ തീ....ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ..വൈറൽ ഫോട്ടോ

അതിനിടെ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകിയതിനുള്ള തെളിവും ലഭിച്ചതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. . 2015 നവംബർ 1 ഒരു ലക്ഷം രൂപ നൽകി. പൾസർ സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്കിന്റെ അക്കൗണ്ടിൽ നവംബർ 2 ന് ഈ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകൾ ലഭിച്ചെന്നാണ് പോലീസ് പറയുന്നത്.

ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻലിച്ചതെന്നും ഗ്രാൻ്റ് പ്രൊഡക്ഷൻസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്താനായതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. അതിനിടെ കാവ്യാ മാധവന്റെ ഡ്രൈവറായി പൾസർ സുനി ജോലിചെയ്തിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

ദിലീപും സംവിധായകൻ ബാലചന്ദ്രകുമാറും അടുത്ത ബന്ധം പുലർത്തിയവരാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കണ്ടെടുത്തതായും പോലീസ് പറയുന്നു. ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്ന നമ്പർ താൻ ഉപയോഗിച്ചതല്ലെന്ന കാവ്യയുടെ മൊഴി കളവാണെന്നും അപേക്ഷയിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications