'കാവ്യ മാധവന്റെ പേര് പരാമർശിച്ചതാണ്, 9 ലക്ഷമായിരുന്നു മൊഴിമാറ്റാൻ ഓഫർ..സുരേഷ് ഗോപിയോട് പുച്ഛം'; സംവിധായകൻ
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. അടുത്തിടെ നടൻ രാമുവിന്റെ മകളുടെ വിവാഹ ചടങ്ങിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് ദിലീപിനേയും ഭാര്യയും നടിയുമായ കാവ്യ മാധവനേയും സുരേഷ് ഗോപി ആശ്ലേഷിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. തന്റെ യുട്യൂബ് ചാനലായ ന്യൂസ് ഗ്ലോബിൽ ബൈജു കൊട്ടാരക്കര പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'സുരേഷ് ഗോപി നടി കാവ്യ മാധവനെ ആശ്ലേഷിച്ച് താലോലിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. തൊട്ടടുത്ത് നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപാണ്. നിങ്ങൾ ആശ്ലേഷിച്ചോളൂ, പക്ഷെ ചില കാര്യങ്ങൾ സുരേഷ് ഗോപിയോട് ചോദിക്കാനുണ്ട്. 2017 ൽ ഒരു രാത്രി നിങ്ങളുടെയൊക്കെ സഹപ്രവർത്തകയായിരുന്ന ഒരു പെൺകുട്ടിയെ നടുറോഡിൽ മാനഭംഗപ്പെടുത്തിയിട്ട് സംവിധായകൻ ലാലിന്റെ വീട്ടിൽ കൊണ്ട് ഉപേക്ഷിച്ചപ്പോഴും അന്ന് രാത്രി തന്നെ പിടി തോമസും ആന്റോയുമൊക്കെ ഇടപെട്ട് അത് വലിയ പോലീസ് കേസായി വലിയ വിഷയമായപ്പോഴും കേരളത്തിൽ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നപ്പോഴും നിങ്ങളോ നിങ്ങൾ ഉൾപ്പെടുന്ന താര സംഘടനയും മിണ്ടാതെ ഇരുന്നു. ഒടുവിൽ സമ്മർദ്ദം സഹിക്കാതെ ഒരു പ്രതിഷേധം യോഗം വിളിച്ച് ചേർത്തു. അതിൽ കുഞ്ഞാടിനെ പോലെ പ്രസംഗിച്ചിരുന്ന ദിലീപ് പിന്നീട് അറസ്റ്റിലാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം ദേവൻ പറയുന്നത് കേട്ടു, മമ്മൂട്ടിയുടെ വീട്ടിൽ വെച്ച് ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പ്രധാന ചർച്ച അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കണോ വേണ്ടയോ എന്നതായിരുന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയുമൊക്കെ മുഖം മ്ലാനമായിരുന്നു. ചിലർ ദിലീപിനെ പുറത്താക്കണമെന്ന് വാദിച്ചു, അങ്ങനെ ദിലീപിനെ പുറത്താക്കിയത് കഷ്ടമായിപ്പോയെന്ന്. ഈ ദേവനൊക്കെയാണ് അമ്മയുടെ പ്രസിഡന്റ് ആയി വന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇപ്പോൾ പ്രസിഡന്റായി ശ്വേതയും വലിയ മെച്ചമൊന്നുമല്ല. ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചയാളാണ് ശ്വേത മേനോൻ.
അന്നും ഇന്നും ഇരയായ പെൺകുട്ടിയോട് എന്ത് സംഭവിച്ചു എന്ന് ചോദിക്കാത്ത ആളാണ് സുരേഷ് ഗോപി. ആ പെൺകുട്ടിയുടെ മാനം അടങ്ങുന്ന മെമ്മറി കാർഡ് മൂന്ന് കോടതികളിൽ നിന്നും വെളിയിൽ പോയിട്ട് നിങ്ങൾ മിണ്ടിയോ. ഇതുവരേയും നിങ്ങൾ വാ തുറന്നില്ലല്ലോ. ആ കുട്ടിയെ ഒന്ന് ആശ്ലേഷിക്കാനും സമാധാനിപ്പിക്കാനും നിങ്ങൾക്ക് സാധിച്ചോ. അത് എന്തുകൊണ്ടാണ് ചെയ്യാതിരുന്നതെന്ന് നിങ്ങൾക്ക് എല്ലാവർക്കും മനസിലായി കാണും. കാരണം നിങ്ങളുടെ ഉള്ളിലുള്ളത് കപട സ്നേഹം മാത്രമാണ്. നിങ്ങൾക്കൊക്കെ അജണ്ടകൾ ഉണ്ട്. ആ അജണ്ടകൾ നടപ്പാക്കാനുള്ള ആളുകളെ മാത്രമാണ് നിങ്ങൾക്ക് വേണ്ടത്.
പല തവണ കാവ്യ മാധവന്റെ പേര് ആ കേസിൽ പരാമർശിച്ച് കണ്ടു. പൾസർ സുനി ആ മെമ്മറി കാർഡ് കൊണ്ടുകൊടുത്തത് കാവ്യയുടെ ഷോപ്പിലാണെന്ന് വരെ പോലീസ് കണ്ടെത്തി. ആ ഷോപ്പിൽ നിന്നുള്ള സാഗർ എന്നയാളാണ് ഈ കേസിൽ സാക്ഷി പറഞ്ഞത്. അയാളെ സാക്ഷി പറയുന്നതിൽ നിന്നും മാറ്റാൻ 9 ലക്ഷം രൂപയാണത്രേ ഇവർ ഓഫർ ചെയ്തത്. അവസാനം 50,000 രൂപ മാത്രം കൊടുത്ത് ഒതുക്കിയപ്പോഴാണ് സാഗർ സത്യം പുറത്ത് പറഞ്ഞത്. സാഗർ കോടതിയിൽ മൊഴി കൊടുത്തിട്ടുണ്ട്.
ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത സത്യങ്ങൾ മുഴുവൻ കോടതിയിൽ കൊടുത്തു. കേന്ദ്രമന്ത്രിയായിരുന്നിട്ടും ഈ സംഭവത്തിൽ മിണ്ടാതിരുന്ന സുരേഷ് ഗോപി കാവ്യ മാധവനെയോ ദിലീപിനെയോ ആശ്ലേഷിക്കുന്നതിൽ ഇപ്പോൾ ഞങ്ങൾ തെറ്റ് കാണുന്നില്ല. കാരണം നിങ്ങൾ അങ്ങനെയാണ്. കൂടുതൽ സംസാരിച്ചാൽ ലങ്ക ദഹനം ആയിപ്പോകും. അതുകൊണ്ട് ലങ്കാ ദഹനത്തെ കുറിച്ച് സംസാരിക്കുന്നില്ല.
ഈ കേസിൽ ഇരയെ ആശ്ലേഷിക്കാതെ കേസിൽ ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന കാവ്യയെ നിങ്ങൾ ആശ്ലേഷിച്ചതിൽ സുരേഷ് ഗോപിയോട് പുച്ഛം തോന്നുന്നു. കാലം കടന്ന് പോയിട്ടില്ല. കേസിന്റെ വിധി ഉടൻ വരും', ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications