ഒരു കോടിയുടെ പുതിയ നോട്ടിന് പകരം എട്ട് കോടി; കോയമ്പത്തൂര്‍ കേന്ദ്രം!! ആര്‍ബിഐ ശരണം
പാലക്കാട്ടെയും മലപ്പുറത്തെയും ആളുകളാണ് അസാധു നോട്ടുമായി അറസ്റ്റിലായത്. പാലക്കാട്ടെ നാലു പേരും മലപ്പുറത്തെ ഒരാളും.
കൊച്ചി: ഒരു കോടിയുടെ പുതിയ നോട്ടുകള്‍ കൊടുത്താല്‍ പഴയ എട്ടുകോടിയുടെ നോട്ടുകള്‍ നല്‍കുന്ന സംഘം. കഴിഞ്ഞദിവസം ആലപ്പുഴയില്‍ അറസ്റ്റിലായവരില്‍ നിന്നാണ് ഈ സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കോയമ്പത്തൂര്‍ കേന്ദ്രമായിട്ടാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നതത്രെ.
ശനിയാഴ്ച പുലര്‍ച്ചെ കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് പഴയ നോട്ടുമായി വന്നവരെ പിടികൂടിയിരുന്നു. ഇവരാണ് പോലീസിനെ ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങള്‍ നല്‍കിയത്. കായംകുളം കൃഷ്ണപുരത്തുനിന്നാണ് എട്ടുകോടിയുടെ അസാധു നോട്ട് പോലീസ് പിടിച്ചത്.

പോലീസിന് രഹസ്യ വിവരം
ഈ സംഘത്തെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. സിഐക്കും സംഘത്തിനും മുന്നില്‍ തന്നെ കാശുമായെത്തിയവര്‍ കുടുങ്ങുകയും ചെയ്തു.

കോയമ്പത്തൂരിലെ സംഘങ്ങള്‍
കോയമ്പത്തൂരില്‍ നിന്നാണ് പുതിയ നോട്ട് നല്‍കി പഴയ നോട്ട് വാങ്ങിയതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് സമ്മതിച്ചു. അസാധു നോട്ടുകള്‍ മാറ്റി നല്‍കുന്നത് ആര്‍ബിഐ നിര്‍ത്തിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഇത്രയും അസാധു നോട്ട് ഒരു കോടി നല്‍കി വാങ്ങിയത്.

എന്തിനാണ് ഈ മാറ്റിയെടുക്കല്‍
ഇതാണ് പോലീസിനെ കുഴക്കിയ സംശയം. ഇത്രയും വലിയ അളവില്‍ അസാധു നോട്ട് മാറ്റി കിട്ടാന്‍ സാധ്യതയില്ല. റിസര്‍വ് ബാങ്ക് മാറ്റി നല്‍കുന്ന പരിപാടി അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തിനാണ് ഈ മാറ്റിയെടുക്കല്‍.

ആര്‍ബിഐയുടെ സഹായം തേടി
പോലീസ് തലപുകഞ്ഞാലോചിച്ചിട്ടും പിടികിട്ടിയില്ല. ഒടുവില്‍ ആര്‍ബിഐയുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

പണമുണ്ടാക്കാന്‍ മാര്‍ഗമുണ്ടോ
മാറ്റിയെടുക്കല്‍ അല്ലെങ്കില്‍ ഈ നോട്ടുകൊണ്ട് മറ്റെന്തെങ്കിലും ലാഭമുണ്ടോ. കൂടുതല്‍ പണമുണ്ടാക്കാന്‍ മാര്‍ഗമുണ്ടോ എന്നൊക്കെ അറിയണമെങ്കില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ തന്നെ വരണം, വെളിപ്പെടുത്തണം.

പിടിയിലായത് അഞ്ചുപേര്‍
പാലക്കാട്ടെയും മലപ്പുറത്തെയും ആളുകളാണ് അസാധു നോട്ടുമായി അറസ്റ്റിലായത്. പാലക്കാട്ടെ നാലു പേരും മലപ്പുറത്തെ ഒരാളും. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പോലീസിന്റെ നീക്കം
കായംകുളം സിഐ കെ സദന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാഹന പരിശോധന പോലീസ് കര്‍ശനമാക്കിയിരുന്നു.

സംഘത്തില്‍ ഇനിയും ആളുണ്ട്
പക്ഷേ സംഘത്തില്‍ ഇനിയും ആളുണ്ടെന്നാണ് പോലീസ് കരുതുന്നത്. കാരണം രണ്ടു കാറുകളാണ് സംശയകരമായി കണ്ടെത്തിയത്. അതിലൊന്ന് പോലീസിനെ വെട്ടിച്ച് കടന്നു.

അറിയില്ലെന്ന് മൊഴി
അവര്‍ ആരാണെന്ന് അറിയില്ലെന്നാണ് കേസില്‍ പിടിക്കപ്പെട്ടവര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പഴയ നോട്ടുകൊണ്ടുള്ള ഉപയോഗം അന്വേഷിക്കുകയാണ് പോലീസിപ്പോള്‍.

സംശയങ്ങള്‍ ബാക്കി
കോയമ്പത്തൂരില്‍ നിന്നാണ് അസാധു നോട്ട് സംഘം വാങ്ങിയത്. ഇവര്‍ എങ്ങോട്ട് കൊണ്ടുപോകുന്നു, ആര്‍ക്കാണ് കൈമാറുക. ഇവര്‍ക്ക് പിന്നിലുള്ളവര്‍ ആര്. ഈ നോട്ടുകൊണ്ടുള്ള ഉപയോഗം തുടങ്ങി അനവധി വിവരങ്ങള്‍ പോലീസിന് ലഭിക്കണം.












Click it and Unblock the Notifications