കഴക്കൂട്ടത്ത് ബിജെപിയിൽ കടുത്ത ആശങ്ക: കാലുവാരിയാലും ഇല്ലെങ്കിലും പ്രതിസന്ധി മുരളീധരൻ പക്ഷത്തിന്; ശോഭ സുരക്ഷിത
തിരുവനന്തപുരം: ബിജെപിയുടെ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലെ സര്‍പ്രൈസ് ആയിരുന്നു കഴക്കൂട്ടത്തെ ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം. അവസാന നിമിഷം വരെ ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകാതിരിക്കാനുള്ള നീക്കങ്ങള്‍ വി മുരളീധരനും കെ സുരേന്ദ്രനും നടത്തി എന്നാണ് ആക്ഷേപങ്ങള്‍.
എന്തായാലും ഈ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തെ പ്രകടനം കേരളത്തിലെ ബിജെപി നേതൃത്വത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ട് നേടിയാലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇത്തവണ വോട്ട് കുറഞ്ഞാലും അത് തിരിച്ചടിയാവുക വി മുരളധരന്‍- കെ സുരേന്ദ്രന്‍ പക്ഷത്തിനാണ്. വിശദാംശങ്ങള്‍...
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

കഴക്കൂട്ടത്തെ ബിജെപി
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി നേടിയത് അഭൂതപൂര്‍വ്വമായ വളര്‍ച്ച ആയിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പത്മകുമാറിന് ലഭിച്ചത് വെറും 7,508 വോട്ടായിരുന്നു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ഒന്നാമതെത്തിയത് ബിജെപിയും.

രണ്ടാം സ്ഥാനം പിടിച്ചു
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി മുരളീധരന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. 7500 വോട്ടുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി, ആ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത് 42,732 വോട്ടുകള്‍ ആയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ സിറ്റിങ് എംഎല്‍എയും ആയിരുന്ന എംഎ വഹീദിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു ബിജെപിയുടെ മുന്നേറ്റം.

കാത്തിരുന്ന മണ്ഡലം
ഇത്തവണയും കഴക്കൂട്ടത്ത് മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വി മുരളീധരന്‍. മുളീധരന്‍ അല്ലെങ്കില്‍ വിശ്വസ്തരായ മറ്റാരെയെങ്കിലും രംഗത്തിറക്കാനായിരുന്നു നീക്കം. അതാണ് കേന്ദ്ര ഇടപടലോട ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ പാളിപ്പോയത്.

ശോഭ വരുമ്പോള്‍
ബിജെപിയുടെ കരുത്തയായ നേതാവ് എന്ന നിലയിലും ശബരിമല സമരത്തിന്റെ മുന്നണി പോരാളി എന്ന നിലയിലും ആണ് ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മത്സരിക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം വോട്ടാക്കി മാറ്റാനാകും എന്നതിലാണ് ബിജെപിയ്ക്കുള്ളില്‍ തന്നെയുള്ള ആശങ്ക.

പാലം വലിച്ചാല്‍
ശോഭ സുരേന്ദ്രനെതിരെ വി മുരളീധരന്‍ വിഭാഗം പാലം വലിച്ചാല്‍ അത് ബിജെപിയ്ക്ക് മൊത്തത്തില്‍ തന്നെ വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്. മുമ്പ് പല തിരഞ്ഞെടുപ്പുകളിലും ചില മണ്ഡലങ്ങളില്‍ ബിജെപിയുടെ ഈ 'പാവം വലിക്കല്‍' പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയായിട്ടുള്ളതും ആണ്. ഈ തിരഞ്ഞെടുപ്പില്‍ അങ്ങനെ സംഭവിച്ചാല്‍ ദേശീയ നേതൃത്വം തന്നെ അത് ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്.

ശോഭ മുന്നേറിയാല്‍
ശോഭ സുരേന്ദ്രന്‍ മികച്ച മുന്നേറ്റം നടത്തുകയോ ഒരു ഘട്ടത്തില്‍ വിജയം വരിക്കുകയോ ചെയ്താലും അത് മുരളീധരന്‍ വിഭാഗത്തിന് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ തിരിച്ചടിയാകും. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രണ്ടാം സീറ്റ് ശോഭ സുരേന്ദ്രന്‍ സ്വന്തമാക്കിയാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ അവര്‍ അധികാരം പിടിക്കുന്നതിന് തുല്യമാകും എന്ന ഭയവും എതിര്‍പക്ഷത്തിനുണ്ട്.

വോട്ട് കുറഞ്ഞു
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ ആയിരുന്നു കഴക്കൂട്ടത്ത് കൂടുതല്‍ വോട്ട് നേടിയത്. എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് പിറകിലായിരുന്നു കുമ്മനം രാജശേഖരന്‍. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകള്‍ കുത്തനെ കുറഞ്ഞു. 12,490 വോട്ടുകളുടെ ലീഡ് ഉണ്ട് നിലവില്‍ ഇടതുപക്ഷത്തിന് ഇവിടെ.

ത്രികോണ മത്സരം
ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ പ്രശസ്ത ഭിഷഗ്വരന്‍ ഡോ എസ്എസ് ലാല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ കൂടി എത്തുന്നതോടെ മത്സരം തീ പാറും എന്ന് ഉറപ്പാണ്.

ശബരിമല തന്നെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം തന്നെയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. ദേവസ്വം മന്ത്രിയ്‌ക്കെതിരെ ഇത് ഉയര്‍ത്തി തന്നെയാണ് ശോഭ സുരേന്ദ്രന്‍ പ്രചാരണം നടത്തുന്നത്. അതേസമയം കോണ്‍ഗ്രസും മണ്ഡലത്തില്‍ ഉയര്‍ത്തുന്നത് ശബരിമല വിവാദം തന്നെയാണ്. അതുകൊണ്ട് തന്നെ ബിജെപി- കോണ്‍ഗ്രസ് വോട്ടുകള്‍ ഏത് പെട്ടിയില്‍ വീഴും എന്ന സംശയം ഇരുകൂട്ടര്‍ക്കും ഉണ്ട്.
മോഡേൺ ഡ്രസ്സിൽ കിടിലൻ ലുക്കുമായി ലൌലി സിംഗ്... ചിത്രങ്ങൾ കാണാം..












Click it and Unblock the Notifications