'മോഹന്‍ലാല്‍ വരും, വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്'; ടിപി മാധവനോട് ഗണേഷ് കുമാര്‍
പത്തനാപുരം: ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്താണ് ഗാന്ധി ഭവന്‍ സ്ഥിതി ചെയ്യുന്നത്. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ എത്തിയത്. ഇവിടത്തെ അന്തേവാസിയായ നടന്‍ ടി.പി മാധവനെയും സന്ദര്‍ശിച്ച് ശേഷമാണ് ഗണേഷ് കുമാര്‍ മടങ്ങിയത്.
88 കാരനായ ടി പി മാധവന്‍ ഓര്‍മ നഷ്ടപ്പെട്ട് ഗാന്ധി ഭവനിലെ അന്തേവാസിയായി കഴിയുകയാണ്. 600 ലേറെ സിനിമകളില്‍ വേഷമിട്ട ടി പി മാധവന്‍ താരസംഘടനയായ അമ്മയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയാണ്. അടുത്തിടെ നടനും അമ്മയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ മോഹന്‍ലാലിനെ കാണണം എന്ന് മാധവന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉറപ്പ് കൂടി നല്‍കിയ ശേഷമാണ് ഗണേഷ് കുമാര്‍ ഗാന്ധി ഭവന്‍ വിട്ടത്.

മോഹന്‍ലാലിനോട് ഗാന്ധിഭവനില്‍ എത്തി ടി പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീണ്ടും വന്നുകാണാം എന്നും ടി പി മാധവനോട് ഗണേഷ് കുമാര്‍ പറഞ്ഞു. ഗാന്ധിഭവന്‍ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
'ജാതിമതങ്ങള്‍ക്ക് അപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ മാത്രം കൈമാറുന്ന, അത്തരം പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവന്‍,' മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ നടന്‍ ഇടവേള ബാബുവും ടി പി മാധവനെ കുറിച്ച് പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കാണണം എന്ന് അദ്ദേഹം നേരത്തേയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നും അന്ന് ലാലേട്ടന്‍ വന്ന് കണ്ടിരുന്നു എന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു മാധവന്‍. താരം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. 2015 ല്‍ ഹരിദ്വാര്‍ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് എത്തിയത്. ചികിത്സയ്ക്ക് ശേഷം നിലവില്‍ പത്തനാപുരം ഗാന്ധി ഭവനില്‍ കഴിയുന്ന അദ്ദേഹത്തെ ഉറ്റവരും ഉടയവരും ഉപേക്ഷിച്ചിരിക്കുകയാണ്.
നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കിയത്. നാടോടിക്കാറ്റ്, സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, രാവണപ്രഭു, പുലിവാല്‍ കല്യാണം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.












Click it and Unblock the Notifications