കെബി ഗണേഷ് കുമാർ ഇടഞ്ഞു: ചെയർമാനെ മാറ്റിയ തീരുമാനം ഉടനടി മരവിപ്പിച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: കെബി ഗണേഷ് കുമാർ എം എല്‍ എ ഇടഞ്ഞതോടെ മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. എല്‍ ഡി എഫില്‍ കേരള കോണ്‍ഗ്രസ് ബിക്ക് നല്‍കിയിരുന്ന പദവി യാതൊരു കൂടിയാലോചനയും ഇല്ലാതെ സി പി എം ഏറ്റെടുത്തതോടെ കെബി ഗണേഷ് കുമാർ എം എല്‍ എ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തീരുമാനം മാറ്റിയത്.
കോർപറേഷന്‍ ചെയർമാന്‍ സ്ഥാനത്തെ മാറ്റം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കെബി ഗണേഷ് കുമാർ മുഖ്യമന്ത്രിയുമായി സംസാരിക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ എല്‍ ഡി എഫ് കണ്‍വീനർ ഇപി ജയരാജനേയും സി പി എം സെക്രട്ടറി എംവി ഗോവിന്ദനേയും ഗണേഷ് ബദ്ധപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സർക്കാർ തീരുമാനം മാറ്റിയത്. ഇനി ഇക്കാര്യത്തില്‍ പുതിയ ഉത്തരവ് പുറത്തറിക്കും. അതേസമയം സാങ്കേതിക പിഴവിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്നാണ് ഗണേഷ് കുമാർ മാധ്യമങ്ങളോട് അവകാശപ്പെട്ടത്.

കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പ്രേംജിത്തായിരുന്നു നേരത്തെ മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ. എന്നാല്‍ ഇദ്ദേഹത്തെ നീക്കി സി പി എം നോമിനിയായ എം രാജഗോപാലന്‍ നായരെ നിയമിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. ഇതോടൊപ്പം തന്നെ കോർപ്പറേഷന്‍ ഭരണ സമിതിയും പുനഃസംഘടിപ്പിച്ചു.
കേരള കോണ്‍ഗ്രസ് ബി എല്‍ ഡി എഫിലേക്ക് എത്തിയപ്പോള്‍ ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട പദവിയായിരുന്നു മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം. പാർട്ടി ചെയർമാന്‍ ആർ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവിയോടെയായിരുന്നു എല്‍ ഡി എഫ് ചെയർമാന്‍ സ്ഥാനം നല്‍കിയത്. തീരുമാനം മരവിപ്പിച്ചെങ്കിലും പ്രതിഷേധം മുന്നണിയോഗത്തിൽ ഉന്നയിക്കാനാണ് കേരള കോൺഗ്രസ് (ബി) തീരുമാനം.
എല്‍ ഡി എഫിലെ ധാരണ പ്രകാരം രണ്ടര വർഷത്തിന് ശേഷം കെബി ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം ലഭിക്കേണ്ടതുണ്ട്. സർക്കാറിനെതിരെ നിശിതമായ വിമർശനം നടത്തുന്ന കെബി ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം ലഭിക്കുമോയെന്ന് കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നതിന് ഇടയിലാണ് പാർട്ടിക്ക് അനുവദിച്ച പദവി കൂടിയാലോചനകള്‍ ഇല്ലാതെ എടുത്തുകളഞ്ഞത്.
അതേസമയം, ചെയർമാനെ മാറ്റിയ വിവരം താന്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രി അറിയുന്നതെന്നാണ് കെബി ഗണേഷ് കുമാർ വ്യക്തമാക്കുന്നത്. ചെയർമാനെ മാറ്റിയ കാര്യം മുഖ്യമന്ത്രിയോ എൽ ഡി എഫ് കൺവീനറോ അറിഞ്ഞിരുന്നില്ലെന്നാണ് എംഎല്‍എ വ്യക്തമാക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടോ എന്നൊക്കെ അന്വേഷണത്തിന് ശേഷം പറയാം. എന്തായാലും മുഖ്യമന്ത്രി അറിഞ്ഞ ഉടന്‍ തന്നെ തീരുമാനം മാറ്റിയെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications