അടൂർ സ്വയം തിരുത്തണം; പരാമർശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവും: കെസി വേണുഗോപാല്‍
അടൂർ ഗോപാലകൃഷ്ണനില്‍ നിന്നും ഉണ്ടായ പരാമർശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 'കേരളം ബഹുമാനിക്കുന്ന വിഖ്യാത ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിൽ നിന്നുണ്ടായ പരാമർശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണ്. പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്ന പരാമർശം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനിൽ നിന്നുണ്ടാകുമ്പോൾ, കടുത്ത ഭാഷയിൽത്തന്നെ എതിർപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്.' കെസി വേണുഗോപാല്‍ പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാൻ പരിശ്രമിക്കേണ്ടുന്ന, അതിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കേണ്ടുന്ന അദ്ദേഹത്തെപ്പോലുള്ളവർ തികച്ചും ഉത്തവാദിത്തരഹിതമായി സംസാരിക്കുന്നത്, അരികുവത്കരിക്കപ്പെട്ടവരോടുള്ള ഫ്യൂഡൽ പൊതുബോധ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്യുക.

പിന്നോക്ക വിഭാഗത്തിൽ നിന്നും സ്ത്രീ സമൂഹത്തിൽ നിന്നും വരുന്നവർ മാത്രം പരിശീലനത്തിന് വിധേയരാകണമെന്ന കാഴ്ചപ്പാട് അദ്ദേഹത്തിന്റെ കണ്ണാടിയുടെ പ്രശ്നമാകാം. മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആ പരിശീലനത്തിന്റെ ആവശ്യമില്ലാത്തത് സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന വിവേചനത്തിന്റെ പരിണിതഫലമാണ്. ഇപ്പോഴും ആ ചിന്ത തന്നെയാണോ താൻ തുടരുന്നതെന്ന് സിനിമാ രംഗത്തെ ഗുരുസ്ഥാനീയനായി പലരും കാണുന്ന അടൂർ ഗോപാലകൃഷ്ണൻ സ്വയം പരിശോധിക്കണം. സ്വയം തിരുത്തണം. ഭാസ്കര പട്ടേലർ തന്റെ ഒരു കഥാപാത്രം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെടണം.
ഒപ്പം, അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തോട് അതേ സദസ്സിൽ വെച്ച് ത്തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയ ഗായിക പുഷ്പവതി അഭിനന്ദനമർഹിക്കുന്നു. തിരുത്തപ്പെടേണ്ടത് തിരുത്തിത്തന്നെ പോകുമ്പോഴാണ് കേരളം പ്രബുദ്ധ കേരളമായി നിലകൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗുരുതര കുറ്റകൃത്യങ്ങളാണ് മലയാളികളായ കന്യാസ്ത്രീകൾക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്യായമായി രജിസ്റ്റർ ചെയ്ത കേസ് തന്നെ റദ്ദ് ചെയ്യേണ്ടതുണ്ട്. ഒപ്പം കന്യാസ്ത്രീകളെയും യുവതികളെയും ആക്രമിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുകയും വേണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കും കത്തുനല്‍കിക്കഴിഞ്ഞതായിം എംപി പറഞ്ഞു.
കന്യാസ്ത്രീകള്‍ക്കൊപ്പം യാത്ര ചെയ്ത യുവതികള്‍ അവരുടെ കുടുംബത്തിന്റെ സമ്മതത്തോടെ സ്വമേധയാ പോയതാണെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുവതികളെ ഭീഷണിപ്പെടുത്തിയും മർദിച്ചും വ്യാജമൊഴി നല്‍കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി അവരിലൊരാൾ പരാതി നല്‍കിയിട്ടും കേസെടുക്കാൻ പൊലീസ് തയാറായില്ല. അതിനുപകരം ഇരകളെ പ്രതികളാക്കി കേസെടുത്തത് ഭരണഘടനാ വിരുദ്ധവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയും ഭരണ സംവിധാനത്തെ അപഹാസ്യപ്പെടുത്തുന്നതുമാണ്.
വളരെക്കാലമായി സാമൂഹിക സേവനം നടത്തുന്നവരാണ് ആരോപണ വിധേയരായ കന്യാസ്ത്രീകള്‍. ന്യൂനപക്ഷങ്ങളെയും ദളിതരെയും പീഡിപ്പിക്കാന്‍ വര്‍ഗീയ ലക്ഷ്യത്തോടെ ബിജെപി ബോധപൂര്‍വമായി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതാണ് ഇതിൽനിന്നൊക്കെ വ്യക്തമാകുന്നതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications