കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എത്രയെത്ര അനുമാരെയാണ് ഈ സർക്കാർ മരണത്തിലേക്ക് തള്ളിവിടാൻ പോകുന്നത്? തുറന്നടിച്ച് കെസി വേണുഗോപാൽ

Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത നിയമനങ്ങൾക്ക് എതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിനിടെ ഉദ്യോഗാർത്ഥികളിലൊരാൾ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ രംഗത്ത്. യുവാക്കളെ സർക്കാർ വഞ്ചിക്കുകയാണെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ഇനിയെത്ര അനുമാരെ സൃഷ്ടിക്കും സർക്കാർ? കേരളത്തിന്റെ കരളലിയിക്കുന്ന ഒരു ആത്മഹത്യാ വാര്‍ത്ത നാം കേട്ടിട്ട് അധിക കാലമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒടുവിലാണ് തിരുവന്തപുരം കാരക്കോണത്ത് തൊഴില്‍രഹിതനായ എസ് അനുവെന്ന ഇരുപത്തിയെട്ടുകാരന്‍ ജീവനൊടുക്കിയത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ 77 മത് റാങ്കുകാരനായിരുന്നിട്ടും പഠിക്കാന്‍ സാമാന്യം മിടുക്കനായിട്ടും അഞ്ച് വരികളുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് അനു മരണത്തിലേക്ക് നടന്നു പോയത് ഈ സര്‍ക്കാറിന്റെ യുവജന വഞ്ചനയെ തുടര്‍ന്നായിരുന്നു. എല്ലാറ്റിനും കാരണം തൊഴിലില്ലായ്മയാണെന്ന് എഴുതിവെച്ച അനുവിന്റെ വാക്കുകള്‍ സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കേണ്ടതായിരുന്നു.

എന്നാല്‍ മാസങ്ങള്‍ കടന്നുപോയിട്ടും പിണറായി സര്‍ക്കാര്‍ കണ്ണുതുറന്നില്ലെന്നു മാത്രമല്ല, യുവജന വിലാപങ്ങള്‍ക്കെതിരെ കാതും കരളും കൊട്ടിയടക്കുക കൂടി ചെയ്തു. രാവും പകലും അധ്വാനിച്ച് പുസ്തകത്താളുകളില്‍ ജീവിത സ്വപ്‌നവും സ്വരുക്കൂട്ടി, വീടിനും വീട്ടുകാര്‍ക്കും അത്താണിയാവേണ്ട എത്രയെത്ര അനുമാരെയാണ് ഈ സർക്കാർ മരണത്തിലേക്ക് തള്ളിവിടാൻ പോകുന്നത്? ഇന്ന് തലസ്ഥാനത്ത്, സെക്രട്ടറിയേറ്റിന് മുമ്പില്‍ ഒരു ഉദ്യോഗാര്‍ത്ഥി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രംഗം ഞെട്ടലോടെയാണ് കേരളം കണ്ടത്. മന:സാക്ഷിയുള്ള ആരെയും ഉലയ്ക്കുന്ന ദയനീയ രോദനങ്ങളാണ് അഭ്യസ്ത വിദ്യരായ പതിനായിരങ്ങളില്‍ നിന്ന് ഉയരുന്നത്.

kc

അവരെ കണ്ടില്ലെന്ന് നടിച്ചെന്നു മാത്രമല്ല, എല്ലാ വകുപ്പിലും, സാധ്യമായ എല്ലാ രംഗത്തും പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രം നടത്തുകയാണ്. സ്വന്തക്കാരെ, പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരെ, യുവജന നേതാക്കളുടെ ഭാര്യമാരെ, നേതാക്കളുടെ മക്കളെ, മരുമക്കളെ, മന്ത്രിമാരുടെ ബന്ധുക്കളെ, മുഖ്യമന്ത്രിയുടെ സൈബര്‍ ടീമിനെയെല്ലാം കുത്തിനിറച്ച് നമ്മുടെ വകുപ്പുകളെയെല്ലാം ഈ സര്‍ക്കാര്‍ എങ്ങോട്ടാണ് നയിക്കുന്നത്? സ്വാധീനശേഷിയുള്ള രാഷ്ട്രീയ വരേണ്യർക്ക് മാത്രമാണ് നിയമനം.

നമ്മുടെ യുവജനങ്ങളെ എന്തിനാണ് ഇങ്ങനെ വഞ്ചിക്കുന്നത്? പത്താം തരം മാത്രം യോഗ്യതയുള്ള തട്ടിപ്പുകാരികള്‍ ലക്ഷങ്ങള്‍ ശമ്പളം കൈപ്പറ്റി സര്‍ക്കാര്‍ ചെലവില്‍ അധോലോക പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ കേന്ദ്രമാക്കുമ്പോളാണ്, തെരുവില്‍ യുവജനങ്ങള്‍ തൊഴിലിനായി യാചിക്കുന്നത് എന്നോര്‍ക്കണം. യുവജന രോഷം തണുപ്പിക്കാന്‍ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയെന്നാണ് സര്‍ക്കാറിന്റെ പുതിയ അവകാശവാദം. ഒഴിവുകളിലെല്ലാം താത്കാലികക്കാരെ സ്ഥിരമായ് നിയമിച്ചിട്ട് ലിസ്റ്റിന്റെ കാലാവധി നീട്ടിയിട്ട് എന്ത് പ്രയോജനമാണുള്ളത്?

പി.എസ്.സിയെ പാര്‍ട്ടി സര്‍വീസ് കമ്മിഷനായി അധ:പതിപ്പിച്ചിട്ട് കാലമേറെയായി. കേരള സര്‍വകലാശാലയില്‍ കുത്തുകേസിലെ പ്രതികളായ എസ്.എഫ്.ഐക്കാര്‍ക്ക് പോലും സി.പി.ഒ ലിസ്റ്റിലെ ആദ്യ റാങ്ക് നേടാവുന്ന അവസ്ഥയിലേക്ക് പി.എസ്.സിയെ എത്തിച്ചു. ഇത്രമാത്രം യുവജന വിരുദ്ധമായ ഒരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. ഇത്രമാത്രം ഒരു തലമുറയെ വഞ്ചിച്ച സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ല. ഇത് കേവലം രാഷ്ട്രീയ വിഷയമായി കാണരുത്. ഈ അനീതിക്കെതിരെ, തെരുവുകളില്‍ ഉയരുന്ന യുവജന രോദനങ്ങള്‍ക്കെതിരെ കേരളത്തിന്റെ പൊതുമന:സാക്ഷി ഉണര്‍ന്നേ മതിയാവൂ.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ അനധികൃത നിയമനങ്ങളെല്ലാം പുന:പരിശോധിക്കും. കഴിവും കഠിനാധ്വാനവുമുള്ള ഒരു തലമുറയെ നിഷ്‌കരുണം നിരാകരിക്കാന്‍ ഈ സര്‍ക്കാറിനെ അനുവദിക്കുന്ന പ്രശ്‌നമില്ല''.

English summary
KC Venugopal slams state government over back door appointments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X