'ഫർഹാൻ എനിക്ക് അറിയുന്ന പയ്യൻ, സമാധാനം ഇല്ലാതാക്കരുത്'; കീർത്തി വിഷയത്തിൽ പ്രതികരിച്ച് സുരേഷ് കുമാർ
കൊച്ചി: നടി കീർത്തി സുരേഷ് യുവ വ്യവസായിയുമായി പ്രണയത്തിലാണെന്നും ഇരുവരുടേയും വിവാഹം ഉടൻ ഉണ്ടാകുമെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ചയായിരുന്നു. ദുബായ് റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫർഹാൻ ബിൻ ലിയഖ്വാദുമായിട്ടാണ് കീർത്തിക്ക് പ്രണയമുള്ളതെന്നായിരുന്നു വാർത്തകൾ. പിറന്നാൾ ആശംസ അറിയിച്ച് ഫർഹാനൊപ്പമുള്ള ചിത്രങ്ങൾ കീർത്തി പങ്കുവെച്ചതോടെയായിരുന്നു ചർച്ചകൾ കൊഴുത്തത്.
എന്നാൽ ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കീർത്തിയുടെ പിതാവും നിർമ്മാതാവുമായ ജി സുരേഷ് കുമാർ. തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണിതെന്നും വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും സുരേഷ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരേഷിന്റെ പ്രതികരണം. വായിക്കാം-

'എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഫർഹാൻ എന്ന ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്, യാതൊരു അടിസ്ഥാനവും ഇല്ലാത്ത വാർത്തയാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്.
അവന്റെ പിറന്നാളിന് ആശംസ അറിയിച്ച് കൊണ്ട് കീർത്തി പോസ്റ്റ് ചെയ്ത ചിത്രം ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കി അത് മറ്റുള്ളവരും കൊടുത്തോടെ വലിയ രീതിയിൽ പ്രചരിച്ചു. ഇതോടെ നിരവധി പേർ എന്നെ വിളിച്ച് വിവരം തേടുന്നുണ്ട്. വളരെ കഷ്ടമായിട്ടുള്ള കാര്യമാണ് ഇത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരുടെ മനസമാധാനം ഇല്ലാതാക്കുന്ന കാര്യമാണിത്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്.
കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാൻ തന്നയായിരിക്കും. സമയം വരുമ്പോൾ ഞങ്ങൾ അത് അറിയിക്കും, അല്ലാതെ സോഷ്യൽ മീഡിയ വഴി ഇങ്ങനെ വ്യാജ വാർത്ത പ്രചരിക്കരുത്. തെറ്റിധരിപ്പിക്കുന്ന കാര്യങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്.
എനിക്കും അറിയാവുന്ന പയ്യനാണ് ഫർഹാൻ. ഞങ്ങൾ ദുബായിലൊക്കെ പോകുമ്പോൾ ഞങ്ങൾക്കൊപ്പം എപ്പോഴും വരുന്നൊരു പയ്യനാണ്. അവനും കുടുംബമില്ലേ?, അവനും പ്രശ്നമാവില്ലേ? ഇത് മോശം പ്രവണതയാണ്, വ്യാജ വാർത്തയാണ്, ആരും ഇതൊന്നും വിശ്വസിക്കരുത്.സാധാരണ ഞാൻ ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. എന്നാൽ നിരവധി പേർ എന്നെ വിളിച്ച് ചോദിച്ചു. അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്', സുരേഷ് കുമാർ പറഞ്ഞു.

പ്രണയ അഭ്യൂഹങ്ങൾക്ക് പിന്നാലെ കടുത്ത സൈബർ ആക്രമണമായിരുന്നു സുരേഷ് കുമാറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്. ഫർഹാന്റെ മതം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ ഏറെയും. 'കേരള സ്റ്റോറി' എന്ന വിവാദ ചിത്രത്തെ കുറിച്ച് അടുത്തിടെ സുരേഷ് കുമാർ പ്രതികരിച്ചിരുന്നു. കേരള സ്റ്റോറി മികച്ചൊരു സിനിമയാണെന്നും ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ പറയുന്നതെന്നുമായിരുന്നു സുരേഷ് കുമാർ പറഞ്ഞത്. ഇതുകൂടെ ചേർത്തായിരുന്നു അധിക്ഷേപങ്ങൾ. സ്വന്തം വീട്ടിലും കേരള സ്റ്റോറിയാണോയെന്നും സിനിമ എല്ലാവരും കാണണമെന്ന് പറഞ്ഞയാൾ അത് മകളെ കാണിച്ച് കൊടുത്തില്ലേയെന്നുമൊക്കെയായിരുന്നു കമന്റുകൾ.
അതേസമയം വിവാദങ്ങൾ കടുത്തതോടെ പ്രചരിക്കുന്ന കാര്യങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി കീർത്തി സുരേഷും രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ജീവിതത്തിലെ യഥാർത്ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം ആകുമ്പോൾ വെളിപ്പെടുത്താമെന്നുമായിരുന്നു കീർത്തി സുരേഷ് പറഞ്ഞത്.












Click it and Unblock the Notifications