സംസ്ഥാന ബജറ്റ് ഇന്ന്; വികസനങ്ങൾക്കൊപ്പം കൈത്താങ്ങാകുന്ന പ്രഖ്യാപനങ്ങളും; ധനമന്ത്രി
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും ലക്ഷ്യം വെച്ച് ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഫണ്ടായേക്കും.
ബജറ്റിൽ ഇക്കുറി ക്ഷേമ പെൻഷൻ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം. എന്നാൽ കഴിഞ്ഞ നാല് വർഷമായി ക്ഷേമ പെൻഷൻ വർധിപ്പിച്ചിട്ടില്ല. 100-200 രൂപയുടെ വർധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. നിലവിൽ മൂന്ന് മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. ഇത് നൽകാൻ സംസ്ഥാന സർക്കാർ 2700 കോടിയാണ് ആവശ്യമായുള്ളത്. ക്ഷേമ പെൻഷൻ അനർഹർ കൈപ്പറ്റുന്നത് തടയാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. ഇത് കൂടാതെ വയോജനങ്ങളെ ലക്ഷ്യം വെച്ചും പദ്ധതികൾ ഉണ്ടാകും. ആശ്വാസകിരണം പോലുള്ള പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തിയേക്കും.

വിദ്യാഭ്യാസ-വ്യവസായ മേഖലകളിൽ സുപ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വന്യജീവി-മനുഷ്യ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനുള്ള പ്രഖ്യാപനവും ഉണ്ടായേക്കും.തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം ഉയർത്താൻ സാധ്യതയുണ്ട്. വികസനങ്ങൾക്കും ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഇവിടെ സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.
കിഫ്ബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. പണം കണ്ടെത്താന്‍ മോട്ടര്‍വാഹന നികുതി, ഭൂനികുതി തുടങ്ങിയവയ്ക്കു മേല്‍ സെസ് ഏര്‍പ്പെടുത്തിയേക്കും. വയനാട് പുനരധിവാസ പദ്ധതിക്കും ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും.
അതേസമയം വികസനത്തിനൊപ്പം ക്ഷേമ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന, എല്ലാവർക്കും കൈത്താങ്ങാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ബജറ്റിൽ അമിത മോഹഭാരം വേണ്ടെന്നും ധനമന്ത്രി ഓർമ്മിപ്പിക്കുന്നു. അത്ഭുതപ്പെടുത്തുന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേമപെൻഷൻ വർധിപ്പിക്കുന്നതിനെക്കാൾ കൊടുത്ത് തീർക്കാനുള്ള എത്രയും പെട്ടെന്ന് വിതരണം ചെയ്യുക എന്നുള്ളതാണെന്നും മന്ത്രി. കഴിഞ്ഞ സർക്കാരിന് 35,000 കോടിയാണ് കൊടുക്കേണ്ടി വന്നത്. അതിൽ തന്നെ മുൻപത്തെ ഉമ്മൻചാണ്ടി സർക്കാരന്റെ കാലത്തെ കുടിശിക ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications