മാന്‍ഹോള്‍ വൃത്തിയാക്കാന്‍ റോബോട്ടുകള്‍ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനം; അഭിമാനമായി കേരളം
2018 മുതല്‍ കേരളത്തില്‍ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. ഗുരുവായൂരില്‍ കൂടി സാങ്കേതിക വിദ്യ എത്തിയതോടെ കേരളത്തില്‍ കമ്മീഷന്‍ ചെയ്ത എല്ലാ മാന്‍ഹോളുകളും വൃത്തിയാക്കുന്നത് ബാന്‍ഡികൂട്ട് ആയി.

തൃശൂര്‍: മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം. ഗുരുവായൂരിലെ മാന്‍ഹോളുകളിലെ മലിനജലം വൃത്തിയാക്കാന്‍ റോബോട്ടിക് സ്‌കവഞ്ചര്‍ ആയ ബാന്‍ഡികൂട്ട് ഇന്നലെ മുതല്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഗുരുവായൂരില്‍ പദ്ധതി ആരംഭിച്ചതോടെ കേരളത്തിലെ മാനുവല്‍ സ്‌കാവഞ്ചിംഗ് അവസാനിച്ചു എന്നും മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റോബോട്ടിക് സ്‌കാവഞ്ചറുകള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മനുഷ്യന്റെ കൈകാലുകള്‍ക്ക് സമാനമായ റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് ആണ് മലിനജലം നീക്കം ചെയ്യുന്നത്. മെഷീനില്‍ വാട്ടര്‍പ്രൂഫ്, എച്ച് ഡി വിഷന്‍ ക്യാമറകളും സെന്‍സറുകളും ഉണ്ടായിരിക്കും. ഗുരുവായൂരില്‍ റോബോട്ടിക് ശുചീകരണ പ്രവര്‍ത്തനത്തിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിക്കും എന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികളുടെ വ്യാപനവും അവ മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ വെല്ലുവിളികളും നേരിടാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ കമ്മീഷന്‍ ചെയ്ത എല്ലാ അഴുക്കുചാലുകളും ഡ്രെയിനേജുകളും ബാന്‍ഡികൂട്ട് വൃത്തിയാക്കുമെന്ന് ജെന്റോബോട്ടിക് ഇന്നൊവേഷന്‍സ് ഡയറക്ടര്‍ വിമല്‍ ഗോവിന്ദും പറഞ്ഞു.
നിലവില്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ബാന്‍ഡികൂട്ട് റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. 2018 ല്‍ തിരുവനന്തപുരത്തെ മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ വാട്ടര്‍ അതോറിറ്റി ബാന്‍ഡികൂട്ട് ഉപയോഗിച്ചിരുന്നു.
പിന്നീട് ഇത് എറണാകുളത്തേക്കും വ്യാപിപ്പിച്ചു. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള കമ്പനിയാണ് ജെന്റോബോട്ടിക്സ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2022 കോണ്‍ക്ലേവില്‍ കേരളം ആസ്ഥാനമായുള്ള ജെന്റോബോട്ടിക്സ് വികസിപ്പിച്ച ബാന്‍ഡികൂട്ട് 'കേരള പ്രൈഡ്' അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.












Click it and Unblock the Notifications