എഐ ക്യാമറ വിവാദം ; ഓഗസ്റ്റ് മാസത്തിലെ റോഡപകടങ്ങളുടെ കണക്ക് ഇങ്ങനെ
സംസ്ഥാനത്തെ റോഡുകളിൽ എ ഐ ക്യാമറ വച്ച ശേഷം അപകടങ്ങളിൽ കുറവു വന്നെന്നു കാണിച്ച കണക്കിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഗതാഗത വകുപ്പും സംസ്ഥാന സർക്കാരും. എ ഐ ക്യാമറ വച്ചതിനു ശേം സംസ്ഥാനത്ത് അപകടങ്ങളും അപകട മരണങ്ങളും കുറഞ്ഞെന്നായിരുന്നു സർക്കാർ കണ്ടെത്തൽ. ഓഗസ്റ്റ് മാസത്തിൽ സർക്കാർ കണക്കിൽ ഇത്രയും അപകടങ്ങൾ കുറഞ്ഞെന്നും ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലും സർക്കാരിന്റെ കണക്കുകളിലും റോഡപകടങ്ങളുടെ കാര്യത്തിൽ വൈരുദ്ധ്യം വന്നതോടെയാണ് ഗതാഗത വകുപ്പ് വലഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ റോട്ടിൽ 1065 അപകടങ്ങളുണ്ടായെന്നും അതിൽ 58 പേർ മരിച്ചുവെന്നുമായിരുന്നു സർക്കാര് ഹൈക്കോടതിയിൽ നൽകിയ കണക്ക്. എന്നാൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ റോഡപകടങ്ങൾ 4000 വും അപകട മരണങ്ങൾ 353 ഉം ആണ്.

കണക്കുകൾ പരിശോധിച്ചാൽ 2022 ഓഗസ്റ്റിലേക്കാൾ 46 മരണങ്ങൾ കൂടുതൽ. കഴിഞ്ഞ ഓദസ്റ്റിൽ 307 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. അതേ സമയം വൈരുദ്ധ്യത്തിന് മോട്ടോർ വാഹന വകുപ്പും മറുപടി നൽകി. ഓഗസ്റ്റ് മാസത്തെ കണക്കുകൾ മുഴുവൻ വരും മുൻപ് കോടതിയിൽ റിപ്പോർട്ട് നൽകിയപ്പോൾ സംഭവിച്ച പിഴവാണ് എന്ന് മോട്ടോർ വാഹന വകുപ്പ് വിശദീകരിച്ചു. ആ മാസം അപകടം സംഭവിച്ച് പരിക്കേറ്റ് പിന്നീട് മരണമടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും മോട്ടോർ വാഹന വകുപ്പ് കൂട്ടിച്ചേർത്തു.
ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുറത്തു വിട്ട കണക്കുകൾ പ്രകാരം ക്യാമറ വച്ചതിന് ശേഷം ജൂൺ- ജൂലൈ മാസങ്ങളിൽ റോഡപകടങ്ങൾ വഴിയുള്ള മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ അപകടങ്ങളുടെ കണക്കിൽ വലിയ കുറവൊന്നും സംഭവിച്ചിട്ടുമില്ല. എന്നാൽ ഇതിനു ശേഷം ഓഗസ്റ്റ് മാസത്തിൽ അപകട നിരക്കും അപകട മരണ നിരക്കും കൂടിയിട്ടും ഉണ്ട്.
അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്.
സർക്കാർ തെറ്റായ കണക്ക് കോടതിയെ ധരിപ്പിച്ച സാഹചര്യത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രാജി വച്ചൊഴിയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications