ഇഡി മാതൃകയില്‍ കേരളത്തിനും സ്വന്തമായി അന്വേഷണ ഏജന്‍സി; ഇനി വേണ്ടത് മന്ത്രിസഭയുടെ അനുമതി
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സമാനമായി കേരളത്തിലും അന്വേഷണ ഏജന്‍സി വരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഇക്കണോമിക് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിങ് എന്നാണ് പുതിയ അന്വേഷണ ഏജന്‍സിയുടെ പേര്. പുതിയ അന്വേഷണ ഏജന്‍സി രൂപീകരിക്കുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഇനി മന്ത്രിസഭയുടെ അംഗീകാരം ലഭിക്കണം.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇ ഡിയും കസ്റ്റംസും സംസ്ഥാനത്ത് അന്വേഷണം ഊര്‍ജിതമാക്കിയ സമയത്താണ് സംസ്ഥാനം സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം വേണം എന്ന ആലോചനയിലെത്തിയത്. സംസ്ഥാന പോലീസ് നല്‍കിയ ശുപാര്‍ശ വിവിധ ഘട്ടങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമരൂപത്തില്‍ എത്തിയത്. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ പൊലീസ് സര്‍വീസ്, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ റവന്യൂ സര്‍വീസ്, ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ് എന്നിവയിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്നതാണ് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാല്‍ കേന്ദ്രത്തിലേതില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ റവന്യു വകുപ്പും ധനകാര്യ വകുപ്പും സ്വതന്ത്ര മന്ത്രാലയങ്ങളാണ്. അതിനാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴില്‍ വരുന്ന അന്വേഷണ ഏജന്‍സിയായിട്ടാകും ഇക്കണോമിക് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിങ് പ്രവര്‍ത്തിക്കുക.
തത്കാലം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം . ക്രൈംബ്രാഞ്ചിന് കീഴിലാണ് പ്രവര്‍ത്തിക്കുക. പിന്നീട് ഇതിനെ സ്വതന്ത്ര വിഭാഗമാക്കി മാറ്റും. ജില്ലാ തലങ്ങളില്‍ ഡി.വൈ.എസ്.പിമാര്‍ക്കും റേഞ്ച് അടിസ്ഥാനത്തില്‍ എസ്.പിമാര്‍ക്കാകുമായിരിക്കും ചുമതല. പൊലീസ് ആസ്ഥാനത്ത് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കും. അന്തര്‍ സംസ്ഥാന രാജ്യാന്തര ബന്ധമുള്ള കേസുകളും പുതിയ ഏജന്‍സി അന്വേഷിക്കും. സംസ്ഥാനത്ത് ഇ.ഡി. ലക്ഷ്യമിട്ടേക്കാവുന്ന കേസുകളിലും പുതിയ ഏജന്‍സിയ്ക്ക് അന്വേഷിക്കാം.
എന്‍ഫോഴ്‌സ്‌മെന്റിന് വലിയ അധികാരമുണ്ട്. 1999-ലെ വിദേശ വിനിമയ ചട്ടം, 2002-ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇ ഡിയ്ക്ക് കൈകാര്യം ചെയ്യാനാകുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം അനുസരിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. ഇത്തരം കേസുകളിലെ വിചാരണ നടപടികള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക കോടതികളുമുണ്ടാകും. അതേസമയം ഇത്തരം അധികാരങ്ങളൊന്നും കേരളത്തിന്റെ ഇക്കണോമിക് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിങ്ങിനുണ്ടാകില്ല. ഇതിന് പ്രത്യേക നിയമനിര്‍മാണവും കേന്ദ്രത്തിന്റെ അനുവാദവും വേണ്ടിവരും.












Click it and Unblock the Notifications