നടുത്തളത്തില്‍ പ്രതിപക്ഷത്തിന്റെ സത്യാഗ്രഹം; നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ നിയമസഭ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള അവസാനിപ്പിക്കുകയും ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്തതിന് പിന്നാലെയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ഈ മാസം 30 വരെയാണ് സഭ നടക്കേണ്ടിയിരുന്നത്. ഇന്നത്തെ ദിവസവും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് സഭ ആരംഭിച്ചത്.
അഞ്ച് എം എല്‍ എമാര്‍ നടുത്തളത്തിലിരുന്ന് സത്യാഗ്രഹമിരിക്കുകായായിരുന്നു. ഉമ തോമസ്, അന്‍വര്‍ സാദത്ത്, എ ക എം അഷ്‌റഫ്, കുറുക്കോളി മൊയ്തീന്‍, ടി ജെ വിനോദ് എന്നീ എം എല്‍ എമാരാണ് നടുത്തളത്തില്‍ സത്യാഗ്രഹമിരുന്നത്. പ്രതിപക്ഷം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിപുന്നു സത്യാഗ്രഹം.
എന്നാല്‍ റൂളിംഗ് നല്‍കിയിട്ടും സഭ നടത്തിക്കില്ലെന്ന നിലപാടോടെ പ്രതിപക്ഷം മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. കാര്യോപദേശ സമതി യോഗം അവരെ വിളിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി സ്പീക്കറുടെ കോലം കത്തിച്ചു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി പലപ്പോഴും നിഷേധിച്ചിട്ടുണ്ട് .ചെയറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ചെയറിനെ അധിക്ഷേപിച്ചുകൊണ്ട് പുറത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമസഭ നടുത്തളത്തിലെ നടപടികളില്‍ ചെയറിന് ആവശ്യമെങ്കില്‍ നടപടി എടുക്കാം. അത്തരത്തില്‍ വലിയ നടപടികള്‍ ചെയര്‍ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷം പുനര്‍ചിന്തനം നടത്തണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്. അത് നേരായ രീതിയില്‍ കൊണ്ടുപോകാനുള്ള ഒരു മുന്‍കൈയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്വീകരിക്കുന്നത് ധികാരപൂര്‍വ്വമായ നടപടി. ഞങ്ങള്‍ മുന്നോട്ട് വെച്ച രണ്ട് കാര്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സഭാ നടപടികളുമായി സഹകരിക്കാന്‍ സാധിക്കില്ല. ഇന്നുമുതല്‍ ഞങ്ങളുടെ 5 അംഗങ്ങള്‍ സഭ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ഇരിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
ഇതിനിടെ പ്രതിപക്ഷം സഭയെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് കുറ്റപ്പെടുത്തി. സ്പീക്കറുടെ റൂളിംഗിനെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications