നിയമസഭയിലെ കൈയ്യാങ്കളി; സര്‍ക്കാരിന് ഹൈക്കോടതിയിലും തിരിച്ചടി, മന്ത്രിമാര്‍ ഹാജരാകണം
കൊച്ചി: 2015ലെ നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി ആവശ്യം നിരസിച്ചപ്പോഴാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത്. ഹൈക്കോടതിയും ഹര്‍ജി തള്ളിയതോടെ പ്രതികളായ മന്ത്രിമാര്‍ നാളെ വിചാരണ കോടതിയില്‍ ഹാജരാകേണ്ടി വരും. മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനുമാണ് ഹാജരാകേണ്ടത്.

പൊതുമുതല്‍ നശിപ്പിച്ചു എന്ന പേരിലാണ് ജയരാജനും ജലീലിനുമെതിരെ കേസുള്ളത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ കേസ് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും സമര്‍പ്പിച്ചു. പക്ഷേ കോടതി തയ്യാറായില്ല. വിചാരണ നടപടികള്‍ തുടരുമെന്നും സിജെഎം കോടതി വ്യക്തമാക്കി. പ്രതികളായവര്‍ ബുധനാഴ്ച ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും ഇപ്പോള്‍ ഹര്‍ജി തള്ളിയിരിക്കുകയാണ്. ഇതോടെ മന്ത്രിമാര്‍ നേരിട്ട് നാളെ വിചാരണ കോടതിയിലെത്തേണ്ടി വരും. വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. മന്ത്രിമാര്‍ ഹാജരാകുന്നത് തടയാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കേസ് റദ്ദാക്കാന്‍ സാധിക്കില്ല എന്ന വിചാരണ കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
കേരള നിയമസഭയുടെ ചരിത്രത്തില്‍ കറുത്ത അധ്യായമാണ് 2015ലേത്. ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി ആയിരുന്ന കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് ഇടതുപക്ഷ എംഎല്‍എമാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്നാണ് ഉന്തും തള്ളും വാടാ പോടാ വിളിയും കോലാഹലങ്ങളുമുണ്ടായത്. സ്പീക്കറുടെ കസേര മറിച്ചിടുകയും ചെയ്തു. യുഡിഎഫിലെ യുവ എംഎല്‍എമാര്‍ സംരക്ഷണം തീര്‍ത്ത് മാണി വേഗത്തില്‍ ബജറ്റ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications