ഇന്ന് സഭ തടസമില്ലാതെ നടന്നാല്‍ മുഖ്യമന്ത്രി നേരിടേണ്ടത് മൂന്ന് ചോദ്യങ്ങള്‍, മറുപടി പറയണം
ഈ സാഹചര്യം മുന്നില്‍ കണ്ടാണോ ഇന്നലെ ചെറിയ കാര്യം നിരത്തി സ്പീക്കറെ കരുവാക്കി പ്രകോപനം സൃഷ്ടിച്ചതെന്ന സംശയവും പ്രതിപക്ഷം പങ്കുവയ്ക്കുന്നുണ്ട്.

തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് ചോദ്യോത്തര വേള തടസമില്ലാതെ നടന്നാല്‍ ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ വാഗ്ദാനം വാഗ്ദാനം ലഭിച്ചെന്നാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്. ഇതിന് ശേഷം ആദ്യമായാണ് ലൈഫ് മിഷന്‍ സംബന്ധിച്ച ചോദ്യം മുഖ്യമന്ത്രി സഭയില്‍ ഇന്ന് നേരിടുന്നത്.
അതേസമയം, ഈ സാഹചര്യം മുന്നില്‍ കണ്ടാണോ ഇന്നലെ ചെറിയ കാര്യം നിരത്തി സ്പീക്കറെ കരുവാക്കി പ്രകോപനം സൃഷ്ടിച്ചതെന്ന സംശയവും പ്രതിപക്ഷം പങ്കുവയ്ക്കുന്നുണ്ട്. ലൈഫ് മിഷന്റെ പദ്ധതിക്കായി റെഡ് ക്രസന്റിന്റെ സഹായം സ്വീകരിക്കാന്‍ ധാരണപത്രം ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണോ എന്നാണ് ആദ്യത്തെ ചോദ്യം. ഈ യോഗത്തിന്റെ മിനിറ്റ്‌സ് അടക്കമുള്ള വിശദാംശങ്ങളാണ് എ പി അനില്‍കുമാറിന്റെ ചോദ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാമത്തെ ചോദ്യം അന്‍വാര്‍ സാദത്തിന്റേതാണ്. ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശ സഹായം സ്വീകരിച്ചതിനെ കുറിച്ചും ഇതിന് കേന്ദ്രാനുമതി ഉണ്ടോ എന്നതിനെ കുറിച്ചുമാണ് അന്‍വര്‍ സാദത്തിന്റെ ചോദ്യം. റെഡ് ക്രസന്റില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് യു എ ഇ കോണ്‍സുലേറ്റ് ജനറലും ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയോ എന്ന കെ കെ രമയുടെ ചോദ്യവും മുഖ്യമന്ത്രി ഇന്ന് നേരിടണം. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്‍കിയെങ്കിലും ലൈഫ് മിഷനിലെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം, സ്പീക്കറുടെ നടപടിയിലും എം എല്‍ എ മാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ മുഖ്യമന്ത്രി നേരിട്ട് സഭയില്‍ മറുപടി നല്‍കേണ്ടി വരില്ല. ഉപ ചോദ്യങ്ങളും ഒഴിവാകും. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന നിലപാടിയിരുന്നു പ്രതിപക്ഷത്തിന്റേത് .












Click it and Unblock the Notifications