സര്‍ക്കാരിലെ രണ്ടാമന്‍; സിപിഐയ്ക്ക് ഇത്തവണ ലീഗിനെക്കാള്‍ സീറ്റുണ്ട്!
എല്‍ ഡി എഫിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ സി പി ഐ വലിയ നേട്ടമാണ് ഇത്തവണ ഉണ്ടാക്കിയത്. 27 സീറ്റുകളില്‍ മാത്രം മത്സരിച്ച സി പി ഐ ഇതില്‍ 19 സീറ്റുകളിലും വിജയം കണ്ടു. ആദ്യമായിട്ടാണ് സി പി ഐ ഇടതുമുന്നണിക്കൊപ്പം മത്സരിച്ച് ഇത്രയും സീറ്റുകള്‍ സ്വന്തമാക്കുന്നത്. 2011 ല്‍ സി പി ഐക്ക് 13 സീറ്റുകളിലാണ് ജയിക്കാന്‍ പറ്റിയിരുന്നത്.
പതിനാലാം നിയമസഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയും സി പി ഐ ആണ്. മുസ്ലിം ലീഗിനെ മറികടന്നാണ് സി പി ഐ ഈ നേട്ടം സ്വന്തമാക്കിയത്. 2011 ല്‍ ലീഗിന് 20 എം എല്‍ എമാരുണ്ടായിരുന്നു. ഇത്തവണ ഇത് 18 ആയി കുറഞ്ഞു. ഭരണവിരുദ്ധ തരംഗത്തിലും ലീഗ് വലിയ കേടുപാടില്ലാതെ പിടിച്ചുനിന്നു എന്നതിന് തെളിവായി ഇത്. എന്നാല്‍ 2011 നെ അപേക്ഷിച്ച് സി പി ഐ ആറ് സീറ്റിന്റെ മുന്നേറ്റം ഉണ്ടാക്കി.

63 സീറ്റാണ് എല്‍ ഡി എഫിനെ നയിക്കുന്ന സി പി എമ്മിന് ഉള്ളത്. 2011 ല്‍ ഇത് 47 ആയിരുന്നു. സി പി ഐക്ക് 19 ഉം, ജനതാദള്‍ എസിന് 3 ഉം എന്‍ സി പിക്ക് 2ഉം സീറ്റുകള്‍ ഉണ്ട്. ജനതാദള്‍ എസിന് 1 സീറ്റ് കുറഞ്ഞപ്പോള്‍ എന്‍ സി പി തങ്ങളുടെ രണ്ട് സീറ്റും നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് ബി, ആര്‍ എസ് പി, സി എം പി, കോണ്‍ഗ്രസ് എസ് എന്നിവയുടെ ഓരോ സീറ്റുകള്‍ കൂടിയാകുമ്പോള്‍ എല്‍ ഡി എഫിന് 91 സീറ്റായി. മറുവശത്ത് കോണ്‍ഗ്രസ് (21), ലീഗ് (18), കേരള കോണ്‍ഗ്രസ് എം (6), ജേക്കബ് വിഭാഗം (1) എന്നിങ്ങനെയാണ് യു ഡി എഫിലെ സീറ്റ് നില. ബി ജെ പിയുടെ ഒരു സീറ്റ് മാത്രമേ എന്‍ ഡി എയ്ക്ക് ഉള്ളൂ.
മത്സരിച്ച 5 സീറ്റുകളിലും ജയിച്ച് തൃശ്ശൂര്‍ ജില്ലയിലാണ് സി പി ഐ ഏറ്റവും മികച്ചുനിന്നത്. കോണ്‍ഗ്രസിന്റെ കോട്ടയായ തൃശ്ശൂര്‍ പിടിച്ചെടുത്തത് യുവനേതാവ് വി എസ് സുനില്‍കുമാര്‍. ഒല്ലൂരില്‍ കെ രാജന്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു. സി ദാവാകരന്‍ നെടുമങ്ങാട് പാലോട് രവിയെ തോല്‍പിച്ചു. കാഞ്ഞങ്ങാട് ചന്ദ്രശേഖരനും നാദാപുരത്ത് ഇ കെ വിജയനും ജയിച്ചു. പട്ടാമ്പിയില്‍ മുഹമ്മദ് മുഹസിന്റെ ജയം ശ്രദ്ധേയമായി.












Click it and Unblock the Notifications