കൊയിലാണ്ടിയില്‍ കുപ്പായമിട്ട് അനില്‍ കുമാര്‍; തല്‍ക്കാലം വേണ്ടെന്ന് ഐഗ്രൂപ്പ്
കഴിഞ്ഞ തവണ 'ഇസ്തിരി ചുളിയാത്ത' കുപ്പായമിട്ടതിനാല്‍ കൊയിലാണ്ടിയില്‍ തോറ്റുപോയ കെ.പി അനില്‍ കുമാര്‍ ഇത്തവണ കുപ്പായം നേരത്തെയിട്ടു. തെരഞ്ഞടുപ്പടുക്കുമ്പോഴേക്കും അല്‍പ്പമെങ്കിലും ചുളിഞ്ഞുകിട്ടിയാലോ..!! പോരെങ്കില്‍ ആളുകളുടെ കൈപിടിക്കാനും ചിരിക്കാനുമൊക്കെ 'പരിചയിച്ചും ശീലിച്ചും' വരുകയാണ് ഈ കെപിസിസി ജനറല്‍ സെക്രട്ടറി. കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള കൊയിലാണ്ടിയില്‍ ഒരുകൈ കൂടി നോക്കാനുള്ള ഒരുക്കത്തിലാണ് അനില്‍ കുമാര്‍. എന്നാല്‍, ആ സീറ്റ് ഐ ഗ്രൂപ്പിന്റെതാണെന്നും വിമുക്ത ഐക്കാര്‍ക്കുള്ളതല്ലെന്നും ചൂണ്ടിക്കാട്ടി ഐ ഗ്രൂപ്പ് ചരടുവലി ശക്തമാക്കി.
പൊതുവില്‍ യുഡിഎഫിനു മുന്‍തൂക്കമുള്ള മണ്ഡലമാണ് കൊയിലാണ്ടി. കൊയിലാണ്ടി നഗരസഭയും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, പയ്യോളി, തിക്കോടി താലൂക്കുകളും അടങ്ങുന്നതാണ് മണ്ഡലം. കഴിഞ്ഞതവണ എല്‍ഡിഎഫില്‍നിന്ന് കെ. ദാസനായിരുന്നു യുഡിഎഫിന്റെ എതിരാളി. എന്നാല്‍, താരതമ്യേന സുരക്ഷിതമെന്നു കരുതിയ മണ്ഡലം കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂജ്യമായിരുന്നു കോഴിക്കോട് ജില്ലയില്‍നിന്ന് കോണ്‍ഗ്രസിന്റെ സംഭാവന. കൈപ്പിടിയിലുള്ള മണ്ഡലം പോലും കളഞ്ഞുകുളിച്ചതിന് പഴി ഏറെയും കേട്ടത് സ്ഥാനാര്‍ഥി അനില്‍ കുമാര്‍ തന്നെ.

വിമര്‍ശനങ്ങള്‍ ഏറെയും അദ്ദേഹത്തിന്റെ സ്വഭാവത്തെ ചുറ്റിപ്പറ്റിയായിരുന്നു. അതായിരുന്നെങ്കില്‍ മത്സരസമയത്തുതന്നെ ശക്തമായിരുന്നു താനും. തോറ്റപ്പോള്‍ ന്യായീകരണം നിരത്തിയതല്ലെന്നര്‍ഥം. ഇസ്തിരി ചുളിയാത്ത കുപ്പായം, ആളുകളോടു ചിരിക്കുന്നില്ല, കൈ പിടിക്കുന്നില്ല, വോട്ടുപിടിത്തം അങ്ങാടികളില്‍ മാത്രം തുടങ്ങിയ നിശിത വിമര്‍ശനങ്ങളാണ് അന്ന് അനില്‍ കുമാര്‍ അഭിമുഖീകരിച്ചത്. ഒടുക്കം 4139 വോട്ടിന് കെ. ദാസനോടു തോറ്റു പുറത്താവുകയും ചെയ്തു. എന്നാല്‍, ഇത്തവണയും വിട്ടുകൊടുക്കാന്‍ ഭാവമില്ല യൂത്ത് കോണ്‍ഗ്രസിന്റെ ഈ മുന്‍സംസ്ഥാന പ്രസിഡന്റിന്. ഇടക്കാലത്ത് തന്റെ ഫേസ്ബുക്ക് പേജ് അനില്‍ കുമാര്‍ ഫൊര്‍ കൊയിലാണ്ടി എന്ന പേരില്‍ തിരുത്തിയിരുന്നു. ദോഷം ചെയ്യുമെന്നു കണ്ടപ്പോള്‍ അതുമാറ്റി ഇപ്പോള്‍ കെ.പി അനില്‍ കുമാര്‍ എന്നുതന്നെയാക്കി മാറ്റിയിട്ടുണ്ട്.
എന്നാല്‍, കൊയിലാണ്ടി മണ്ഡലം വിട്ടുള്ള ഒരു കളിക്കും ഒരുക്കമല്ലെന്ന മട്ടിലാണ് ഐ ഗ്രൂപ്പ്. കൊയിലാണ്ടി ഐ ഗ്രൂപ്പ് മണ്ഡലമാണെന്നും കരുണാകരന്റെ സ്വന്തം തട്ടകമാണെന്നുമാണ് അവരുടെ വാദം. മുന്‍പ് ചില എ ഗ്രൂപ്പുകാര്‍ കൊയിലാണ്ടിയില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും 1991 മുതല്‍ ഐ ഗ്രൂപ്പ് കൈവശം വച്ചുവരുന്ന മണ്ഡലമാണ് കൊയിലാണ്ടി. മണ്ഡലത്തിനായി എന്‍. സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയുമായി നടക്കുകയാണ് അവരിപ്പോള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഐ ഗ്രൂപ്പുമായി പിണങ്ങിയ അനില്‍ കുമാറാവട്ടെ ഇപ്പോള്‍ ഗ്രൂപ്പ് രഹിതനുമാണ്.
പുതിയ കണക്കനുസരിച്ച് മണ്ഡലത്തില്‍ 1,85,057 വോട്ടര്‍മാരാണുള്ളത്. 1957ലെ തെരഞ്ഞെടുപ്പു മുതല്‍ തുടര്‍ച്ചയായി 10 തവണ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു മണ്ഡലം. എന്നാല്‍, 1996ല്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന പി. വിശ്വന്‍ കോണ്‍ഗ്രസിലെ പി. ശങ്കരനെ 4851 വോട്ടിനു തോല്‍പ്പിച്ചു ചരിത്രം തിരുത്തുകയായിരുന്നു. പക്ഷെ, 2001ല്‍ പി. ശങ്കരന്‍ മണ്ഡലം തിരിച്ചെടുത്തു കോണ്‍ഗ്രസിനുതന്നെ നല്‍കി. എന്നാല്‍, 2006ല്‍ വീണ്ടും വിജയം കോണ്‍ഗ്രസിനെ കൈവിട്ടു. പി. വിശ്വനിലൂടെ 18,484 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് മണ്ഡലം പിടിച്ചു. അതുകഴിഞ്ഞാണ് 2011ല്‍ അനില്‍ കുമാര്‍ മണ്ഡലത്തില്‍ തോറ്റത്.












Click it and Unblock the Notifications