കര്‍ഷക വോട്ടുകള്‍ നിര്‍ണായകം; നെല്ലറയായ കുട്ടനാട്ടില്‍ ആര് വിജയം കൊയ്യും?
കുട്ടനാട്: നെല്ലറയായ കുട്ടനാട്ടില്‍ ഇക്കുറി ആര് വിജയം കൊയ്യും? കാര്‍ഷിക മേഖലയിലുണ്ടായ നേട്ടങ്ങളും, കോട്ടങ്ങളുമായിരിക്കും വിജയിയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. ഒപ്പം കുടിവെള്ള പ്രശ്നങ്ങളില്‍ പ്രാദേശിക സര്‍ക്കാറുകളും സംസ്ഥാന സര്‍ക്കാറും കൈക്കൊണ്ട നിലപാടുകളും നിര്‍ണായകമാകും. അതൊക്കെ കഴിഞ്ഞേ കുട്ടനാട്ടില്‍ രാഷ്ട്രീയത്തിന് സ്ഥാനമുണ്ടാകൂവെന്നാണ് കണക്കുകൂട്ടല്‍. കുടിവെള്ളം ഉള്‍പ്പടെയുള്ള വിഷയങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകും.
കുട്ടനാട് മണ്ഡലം 1965ലാണ് രൂപീകരിച്ചത്. 1957ലും, 60ലും കുട്ടനാട്ടിലെ പ്രദേശങ്ങള്‍ തകഴി, തിരുവല്ല മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 1965ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിലെ തോമസ് ജോണാണ് വിജയിച്ചത്. കോണ്‍ഗ്രസ്സിലെ വി ഇസഡ് ജോബിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്സില്‍ നിന്നും വിട്ടു പോയി കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ചവരില്‍ പ്രമുഖനായ തോമസ് ജോണ്‍ മണ്ഡലം കേരള കോണ്‍ഗ്രസ്സിന് നേടികൊടുക്കുകയായിരുന്നു.

പിന്നീടും കേരള കോണ്‍ഗ്രസിനെ ഏറെക്കാലം പിന്‍തുണച്ച ചരിത്രമാണ് കുട്ടനാടിനുള്ളത്. കേരള കോണ്‍ഗ്രസ് പിളര്‍ന്നതിനാല്‍ കുട്ടനാട് സീറ്റ് സംബന്ധിച്ച് ഇതുവരെ യു ഡി എഫില്‍ ധാരണയായിട്ടില്ല. കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയാണെങ്കില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാം സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. എല്‍ ഡി എഫില്‍ ഇക്കുറിയും എന്‍ സി പിക്ക് തന്നെ കുട്ടനാട് സീറ്റ് നല്‍കിയേക്കും. അങ്ങനെയെങ്കില്‍ സിറ്റിങ് എം എല്‍ എ ആയ തോമസ് ചാണ്ടി തന്നെയായിരിക്കും മത്സരിക്കുക.

കേരള കോണ്‍ഗ്രസ്സ് മാണി, ജോസഫ് വിഭാഗങ്ങളുടെ ലയനത്തിന് ശേഷം നടന്ന 2011ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യു ഡി എഫ് ചേരിയില്‍ മത്സരിച്ചത് ഡോ. കെ സി ജോസഫാണ്. അന്ന് എന്‍ സി പി സ്ഥാനാര്‍ഥി എല്‍ ഡി എഫ് ചേരിയില്‍ നിന്ന തോമസ് ചാണ്ടിക്കായിരുന്നു ജയം. 7,971 വോട്ടിന്റെ ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പ് നോക്കിയാല്‍ എല്‍ ഡി എഫിന് തന്നെയാണ് ഇവിടെ മുന്‍തൂക്കം.

നീലംപേരൂര്‍, കാവാലം, വെളിയനാട്, രാമങ്കരി, തലവടി, എടത്വ, വീയപുരം, തകഴി, ചമ്പക്കുളം, നെടുമുടി, കൈനകരി എന്നിങ്ങനെ 13 പഞ്ചായത്തുകളാണ് കുട്ടനാട് നിയോജക മണ്ഡലത്തിലുള്ളത്. പഞ്ചായത്തുകളില്‍ ഏഴെണ്ണം എല്‍ ഡി എഫും, ആറെണ്ണം യു ഡി എഫുമാണ് ഭരിക്കുന്നത്. എന്നാല്‍ കുട്ടനാട്ടിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളായ വെളിയനാടും, ചമ്പക്കുളവും ഭരിക്കുന്നത് യു ഡി എഫാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ വെളിയനാട് എല്‍ ഡി എഫും, ചമ്പക്കുളത്ത് യു ഡി എഫുമാണ് വിജയിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിനായിരുന്നു മേല്‍ക്കൈ. ഇവിടെ ആകെ 160851 വോട്ടര്‍മാരുണ്ട്. ഇതില്‍ പുരുഷന്‍ 77650, സ്ത്രീകള്‍ 83201.












Click it and Unblock the Notifications